Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം

കൈറോ: ഈജിപ്തില്‍ ആസന്നമായ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ പറഞ്ഞു. മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി നേരിടുന്ന വെല്ലുവിളികള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറുകയാണെന്നും തെരഞ്ഞെടുപ്പിന്റെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടെന്നും നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. 2012ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്ന സമി അന്നന്‍ അടക്കമുള്ള അഞ്ച് പ്രമുഖ പ്രതിപക്ഷ നേതാക്കളാണ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പുമായി മുന്നോട്ടു പോയാല്‍ പ്രസിഡന്റ് വോട്ടെടുപ്പിന്റെ ഫലം ഈജിപ്തുകാര്‍ അറിയില്ലെന്നും അവര്‍ പറഞ്ഞു.

പ്രസിഡന്റിനു വെല്ലുവിളി ഉയര്‍ത്തുന്നവരെ അറസ്റ്റു ചെയ്യുന്നതിലും ഭീഷണിപ്പെടുത്തുന്നതിലും പ്രതിഷേധിച്ചാണ് പിന്മാറ്റം. ഈജിപ്തിലെ പ്രതിപക്ഷ പാര്‍ട്ടിയായ അല്‍ നൗര്‍ പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയിട്ടുണ്ട്. മാര്‍ച്ച് 26 മുതല്‍ 28 വരെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി മാത്രമാണ് മത്സര രംഗത്തുള്ളത്.

രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ അഞ്ചു ശതമാനത്തിന്റെ പിന്തുണയുണ്ടെങ്കില്‍ സീസിക്ക് രണ്ടാം തവണയും ഈജിപ്തിന്റെ പ്രസിഡന്റാവാം. നാലു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. 60 മില്യണ്‍ ജനങ്ങളാണ് രാജ്യത്തുള്ളത്. രാജ്യത്ത് സീസിക്കെതിരേ സംസാരിക്കുന്നവരെയും പ്രതിഷേധം നടത്തുന്നവരെയുമെല്ലാം അറസ്റ്റു ചെയ്ത് ജയിലിലടക്കുകയും രാജ്യത്തു നിന്നും പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.

2011ലെ അറബ് വസന്തത്തിലാണ് രാജ്യത്തെ ഏകാധിപധിയായിരുന്ന ഹുസ്‌നി മുബാറകിനെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കുന്നത്. തുടര്‍ന്ന് ജനാധിപത്യ വ്യവസ്ഥയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ മുഹമ്മദ് മുര്‍സി അധികാരത്തിലേറി. എന്നാല്‍, 2013ഓടെ മുര്‍സിയെ പുറത്താക്കി സീസിയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം അധികാരം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് മുര്‍സിയെയും ആയിരക്കണക്കിന് അദ്ദേഹത്തിന്റെ അനുയായികളെയും സീസി ഭരണകൂടം ജയിലിലടച്ചിരിക്കുകയാണ്.

 

 

Related Articles