Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് അട്ടിമറിയെ പിന്തുണച്ച മുന്‍ മുഫ്തിക്ക് നേരെ വെടിവെപ്പ്

കെയ്‌റോ: മുന്‍ ഈജിപ്ത് മുഫ്തി അലി ജുമുഅക്ക് നേരെ വെള്ളിയാഴ്ച്ച വെടിവെപ്പുണ്ടായതായി ഈജിപ്ത് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഗീസ പ്രവിശ്യയിലെ ഒക്ടോബര്‍-6 നഗരത്തിലെ താമസ സ്ഥലത്തു നിന്നും മസ്ജിദിലേക്ക് പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ ആക്രമികള്‍ക്ക് നേരെ തിരിച്ചു വെടിവെച്ചുവെന്നും അംഗരംക്ഷകരില്‍ ഒരാള്‍ക്ക് നേരിയ പരിക്കേറ്റിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ആക്രമകാരികളെ പിടികൂടാന്‍ സുരക്ഷാ വിഭാഗം ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവന സൂചിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. മുഫ്തി മസ്ജിദിലേക്ക് പോകുന്നതിനിടെ തോട്ടത്തില്‍ മറഞ്ഞിരുന്ന അജ്ഞാതര്‍ വെടിവെച്ചു എന്നും അംഗരക്ഷകര്‍ തിരിച്ച് നടത്തിയ വെടിവെപ്പില്‍ അവര്‍ ഓടി രക്ഷപ്പെട്ടു എന്നുമാണ് മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നത്. ശേഷം മസ്ജിദിലെത്തിയ അലി ജുമുഅ ഖുതുബ നിര്‍വഹിച്ചു. ഭയപ്പെടുത്തലാണ് ആക്രമികളുടെ ഉദ്ദേശ്യമെന്ന് അദ്ദേഹം പറഞ്ഞു.
അല്‍അസ്ഹര്‍ പണ്ഡിതവേദിയിലെ മുതിര്‍ന്ന അംഗമാണ് 64 കാരനായ അലി ജുമുഅ. 2003 മുതല്‍ 2013 വരെ ഈജിപ്തിന്റെ മുഫ്തിയായിരുന്ന അദ്ദേഹം മുസ്‌ലിം ബ്രദര്‍ഹുഡിനോടുള്ള വിരോധം കൊണ്ടാണ് അറിയപ്പെട്ടത്. 2013ല്‍ മുഹമ്മദ് മുര്‍സിക്കെതിരെ നടന്ന സൈനിക അട്ടിമറിയെ പിന്തുണച്ച അദ്ദേഹം പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ അടുത്ത ആളാണ്. പലിശാധിഷ്ഠിത ബാങ്കുകളുടെ ഇടപാടുകളുടെ സാധുത, അനിസ്‌ലാമിക രാഷ്ട്രങ്ങളില്‍ മുസ്‌ലിംകള്‍ക്ക് മദ്യം വില്‍പന നടത്താനുള്ള അനുവാദം, അധിനിവേശത്തിന് കീഴിലെ ഖുദ്‌സ് സന്ദര്‍ശനം പോലുള്ള വിഷയങ്ങളില്‍ അദ്ദേഹം നല്‍കിയ ഫത്‌വകള്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Related Articles