Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ മനുഷ്യാവകാശങ്ങളുടെ നില പരിതാപകരം: അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം

വാഷിംഗ്ടണ്‍: ഈജിപിതില്‍ മനുഷ്യാവകാശങ്ങളുടെ നില വളരെ പരിതാപകരമായി തുടരുകയാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലും ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിലും ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നുവെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപോര്‍ട്ട്. ആഗസ്റ്റ് 22ന് മന്ത്രാലയം അമേരിക്കന്‍ കോണ്‍ഗ്രസിന് അയച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ അന്ന് പ്രസിദ്ധീകരിക്കാതിരുന്ന പ്രസ്തുത റിപോര്‍ട്ട് കഴിഞ്ഞ ദിവസമാണ് അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്. ഈജിപ്തില്‍ നിയമവിരുദ്ധമായും പീഡനങ്ങളിലൂടെയും നടക്കുന്ന കൊലപാതകങ്ങളെയും ഏകപക്ഷീയമായ അറസ്റ്റുകളെയും തടവിനെയും കാണാതാവലുകളെയും കുറിച്ച് റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത്തരം നീക്കങ്ങള്‍ ചെയ്യുന്ന സുരക്ഷാ വിഭാഗത്തിനും പോലീസിനും ഭരണകൂടം നല്‍കുന്ന സംരക്ഷണത്തെയും റിപോര്‍ട്ട് കുറ്റപ്പെടുത്തി.
വാഷിംഗ്ടണിന്റെ സഹായങ്ങള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഈജിപ്ത് പരാജയപ്പെട്ടിരിക്കുകയാണെന്നും റിപോര്‍ട്ട് അഭിപ്രായപ്പെട്ടു. സായുധ സംഘങ്ങളുമായി സംഘട്ടനം തുടരുന്ന സീനാ പ്രദേശത്ത് പ്രവേശിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ലെന്നും അവരുടെ സന്ദര്‍ശനം ചില നിര്‍ണിതമായ കേന്ദ്രങ്ങളില്‍ പരിമിതപ്പെടുത്തുകയായിരുന്നു എന്നും അത് സൂചിപ്പിക്കുന്നു.
ഈജിപ്തിനുള്ള സഹായം വെട്ടിചുരുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനമെടുത്തതിനോടനുബന്ധിച്ചാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈ റിപോര്‍ട്ട് സമര്‍പിച്ചതെന്നും എന്നാല്‍ ഇത് പ്രസിദ്ധീകരിക്കുന്നത് മന്ത്രാലയം തടയുകയായിരുന്നു എന്നും അനദോലു ന്യൂസ് വ്യക്തമാക്കി.

Related Articles