Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ പ്രസിഡന്റ് സീസി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

കെയ്‌റോ: ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി മൂന്ന് മാസക്കാലത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സംരക്ഷിക്കുന്നതിനും അതിന്റെ ശേഷികളെ ബാധിക്കുന്ന ഘടകങ്ങളെ തടയുന്നതിനും വേണ്ടിയാണ് അടിയന്തിരാവസ്ഥ എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രവാദത്തെയും ഭീകരതയെയയും നേരിടുന്നതിന് ഉന്നതതല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സ്‌ഫോടനങ്ങളിലായി രാജ്യത്ത് 46 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത പ്രതിരോധ വിഭാഗത്തിന്റെ അടിയന്തിര യോഗത്തിന് ശേഷമാണ് ഇക്കാര്യം സീസി വ്യക്തമാക്കിയത്. ഡല്‍റ്റ പ്രദേശത്തെ ത്വന്‍തയിലെ ചര്‍ച്ചിലാണ് ഒന്നാമത്തെ സ്‌ഫോടനം നടന്നത്. ഈജിപ്തിലെ വന്‍ നഗരങ്ങളിലൊന്നായ അലക്‌സാണ്ടറിയയിലെ ചര്‍ച്ചിന് മുന്നിലായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. ഇരു സ്‌ഫോടനങ്ങളുടെയും ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
കുറ്റവാളികളെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്താന്‍ സീസി സുരക്ഷാ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവങ്ങളോട് സത്യസന്ധമായും ഉത്തരവാദിത്വത്തോടെയും ഇടപഴകണമെന്നും ഈജിപ്ഷ്യന്‍ മാധ്യമങ്ങളോട് സീസി ആഹ്വാനം ചെയ്തു. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് പാര്‍ലമെന്റും രാഷ്ട്ര സംവിധാനങ്ങളും തയ്യാറാകേണ്ടത് അനിവാര്യമാണ്. അത് സംബന്ധിച്ച പുതിയ നിയമം പുറപ്പെടുവിക്കും. ഭീകരതയെ പിന്തുണക്കുന്ന രാഷ്ട്രങ്ങളെ അന്താരാഷ്ട്ര സമൂഹം വിചാരണക്ക് വിധേയമാക്കേണ്ടതുണ്ട്. വിനാശകാരികളെയും ഭീകരരെയും പരാജയപ്പെടുത്താന്‍ ഈജിപ്തിന് ശേഷിയുണ്ട്. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
2014 ഒക്ടോബര്‍ മുതല്‍ ഈജിപ്തിലെ വടക്കന്‍ സീനാ പ്രദേശത്ത് അടിയന്തിരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഓരോ മൂന്ന് മാസം കൂടുമ്പോഴും അടിയന്തിരാവസ്ഥ പുതുക്കി കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.

Related Articles