Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ അടിയന്തരാവസ്ഥ മൂന്നു മാസത്തേക്ക് കൂടി നീട്ടി

കൈറോ: ഈജിപ്തില്‍ നിലനിന്നിരുന്ന അടിയന്തരാവസ്ഥ മൂന്നു മാസത്തേക്ക് കൂടി നീട്ടി. ഏപ്രില്‍ 14 മുതലാണ് 90 ദിവസത്തേക്ക് കൂടി നീട്ടിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വിജ്ഞാപനമിറക്കിയത്. 2017 ഏപ്രിലിലാണ് ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.

പിന്നീട് ഓരോ മൂന്നു മാസം കൂടുമ്പോഴും നീട്ടുകയാണ് ചെയ്തിരുന്നത്. 45 പേര്‍ കൊല്ലപ്പെട്ട രണ്ടു ക്രിസ്ത്യന്‍ പള്ളികള്‍ക്കു നേരെയുണ്ടായ ബോംബാക്രമണത്തെത്തുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനുവരിയില്‍ നീട്ടിയ കാലയളവ് ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു. രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് ഫത്താഹ് അല്‍ സീസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷ ഉറപ്പാക്കാനും തീവ്രവാദ ഭീഷണികള്‍ നേരിടാനും അവ കൈകാര്യം ചെയ്യാനും സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരവാദത്തിനെതിരെ ആവശ്യമായ നടപടികള്‍ കൈകൊള്ളാനും പുതിയ ഉത്തരവില്‍ പട്ടാളത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, രാജ്യത്തെ വലതുപക്ഷ ഗ്രൂപ്പുകള്‍ അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും എതിര്‍ക്കുന്നവരെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണ്. രാജ്യത്തെ വിമതരെയും മാധ്യമപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ചെയ്യുന്നതെന്ന് അവര്‍ ആരോപിച്ചു.

ഈജിപ്തില്‍ 1958ല്‍ നിര്‍മിച്ച അടിയന്തരാവസ്ഥ നിയമപ്രകാരം രാജ്യത്ത് ആരെയും അറസ്റ്റു ചെയ്യാനും തടങ്കലിലിടാനും സുരക്ഷാസേനക്ക് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി സീസിയെ കാര്യമായ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

Related Articles