Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമോഫോബിയ ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍

കോഴിക്കോട്: 2016 ഡിസംബര്‍ 16,17,18 തിയ്യതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് ‘ഇസ്‌ലാമോഫോബിയ ഇന്റര്‍നാഷണല്‍ അക്കാദമിക് കോണ്‍ഫറന്‍സ്’ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇസ്‌ലാമോഫോബിയയുടെ യൂറോപ്പില്‍ നിന്നുള്ള ആരംഭം മുതല്‍ അതിന്റെ ഇന്ത്യന്‍ രംഗപ്രവേശം വരെ വിശദമായി ചര്‍ച്ച ചെയ്യുന്ന 20 ലധികം പ്രബന്ധങ്ങള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന അക്കാദമീഷ്യന്‍മാരായിരിക്കും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. ഇസ്‌ലാമോഫോബിയയുടെ വളക്കൂറുള്ള
മണ്ണിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വംശീയ മുന്‍വിധികളും മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളും ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലമാണ് ഇന്ത്യയിലും കേരളത്തിലുമുള്ളത്. ഓരോ മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളവും ഇസ്‌ലാമോഫോബിയ ഇന്നൊരനുഭവ യാഥാര്‍ഥ്യമാണ്. പേര്, വേഷം, സംസ്‌കാരം എന്നിവയാല്‍
മുസ്‌ലിം സമൂഹം മുനകൂര്‍ത്ത നോട്ടങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. ദേശത്തിനകത്ത് നടമാടുന്ന ഭരണകൂടഭീകരതയും അതുതന്നെ പടച്ചുവിടുന്ന വിവേചന ഭീകരതയും കൂടുതല്‍ അന്യതാബോധത്തിലേക്ക് അവരെ എടുത്തെറിയുന്നു. കേരളത്തില്‍ സമീപ കാലങ്ങളിലായി ഉയര്‍ന്നുവന്ന ലൗജിഹാദ് കാമ്പയിനും കാശ്മീര്‍ റിക്രൂട്ട്‌മെന്റ് വിഷയവും യത്തീംഖാന വിവാദവുമടക്കമുള്ള പ്രചരണങ്ങള്‍ ഇസ്‌ലാംഭീതിയുടെ ഭാഗം തന്നെയായിരുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള ഈ ഭീതി ഇപ്പോള്‍ മാത്രം രൂപപ്പെട്ടുവന്നതല്ല. പാശ്ചാത്യന്‍ ചിന്തയോടും അതിന്റെ ആശയധാരകളോടും അത് ചേര്‍ന്നുനില്‍ക്കുന്നു. സാമ്രാജ്യത്വത്തിന്റെ വെട്ടിപ്പിടിക്കലുകളുടെ ഭൂഖണ്ഡാന്തര സമുദ്രസഞ്ചാരങ്ങള്‍, ചോരമണക്കുന്ന പഴയ കുരിശുയുദ്ധങ്ങള്‍, യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പിറവിയും വളര്‍ച്ചയും എല്ലാം ഇസ്‌ലാംപേടിയെ മുന്‍നിര്‍ത്തിയായിരുന്നു. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോടെ ഈ മുസ്‌ലിം വിരുദ്ധ കാഴ്ചപ്പാടിന് മുമ്പെങ്ങുമില്ലാത്ത പ്രസക്തി കൈവന്നിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഉന്നം ഇന്ന് ഇസ്‌ലാം മാത്രമായിരിക്കുന്നു. അതൊരു ആഗോള വികാരമായി ഓരോ രാജ്യത്തിന്റെയും പ്രാദേശിക ബോധങ്ങളിലേക്ക് വരെ പടര്‍ന്നുപിടിച്ചിരിക്കുന്നു. ഈ ഇസ്‌ലാംപേടിയുടെ വേരുകളും അതിന്റെ വളര്‍ച്ചാവഴികളും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സോളിഡാരിറ്റി ഇന്റര്‍നാഷണല്‍ ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ആന്റി സെമിറ്റിസം ക്രിമിനല്‍ കുറ്റമായി നിയമനിര്‍മാണം നടത്തി യൂറോപ്പ് സ്വന്തം തെറ്റുതിരുത്തിയപോലെ ആഗോളതലത്തില്‍ തന്നെ ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാണ് സോളിഡാരിറ്റി ആവശ്യപ്പെടുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ പ്രബന്ധാവതാരകര്‍ക്ക് പുറമെ സബാ നഖ്‌വി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, മുനവ്വറലി ശിഹാബ് തങ്ങള്‍, എം.ഐ. അബ്ദുല്‍ അസീസ്, സി.പി. ജോണ്‍, ഒ. അബ്ദുറഹ്മാന്‍, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, ഡോ. എ.കെ. രാമകൃഷ്ണന്‍, ഡോ. ഇ.വി. രാമകൃഷ്ണന്‍, എം.ടി. അന്‍സാരി, ഡോ. എം.എച്ച്. ഇല്യാസ്, ഡോ. ഫസല്‍ ഗഫൂര്‍, കെ. അംബുജാക്ഷന്‍, ഡോ. പി.കെ. പോക്കര്‍, ഡോ. ബി.എസ്. ഷെറിന്‍, ഡോ. കെ.എസ്. മാധവന്‍, കടക്കല്‍ അഷ്‌റഫ്, കെ.കെ. ബാബുരാജ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. എം.ബി. മനോജ്, മുജീബുറഹ്മാന്‍ കിനാലൂര്‍, ടി. ശാക്കിര്‍ എന്നിവര്‍ പങ്കെടുക്കും.

Related Articles