Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന് മേല്‍ ഭീകരമുദ്ര ചാര്‍ത്തുന്നത് ശരിയല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ഭീകരതയും അക്രമങ്ങളും ഇസ്‌ലാമിന് മേല്‍ ചാര്‍ത്തുന്നത് തെറ്റാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. കത്തോലിക്കന്‍ വരെ ആക്രമണകാരിയായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അഞ്ച് ദിവസം നീണ്ടുനിന്ന് പോളണ്ട് സന്ദര്‍ശനത്തിന് ശേഷം റോമിലേക്ക് മടങ്ങുന്നതിന് മുമ്പായി വിമാനത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. സാമൂഹിക അനീതികളും പണത്തോടുള്ള ആരാധനയുമാണ് ഭീകരതയുടെ മുഖ്യകാരണങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പ് യുവാക്കളെ ഭീകരതയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
”ആക്രമണങ്ങളെ ഇസ്‌ലാമിലേക്ക് ചേര്‍ത്തുവെക്കുന്നത് ശരിയല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇസ്‌ലാം ഭീകരതയാണെന്ന് പറയുന്നത് ശരിയോ യാഥാര്‍ഥ്യമോ അല്ല. ഇസ്‌ലാമിനെയും ആക്രമണങ്ങളെയും ബന്ധിപ്പിക്കുന്നത് ശരിയാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.” ഭീകരാക്രമണങ്ങളെ അപലപിക്കുമ്പോള്‍ എന്തുകൊണ്ടാണ് താങ്കള്‍ ഇസ്‌ലാമിനെ പരാമര്‍ശിക്കാത്തത് എന്ന ചോദ്യത്തിന് മറുപടിയായി മാര്‍പാപ്പ പറഞ്ഞു. ഇസ്‌ലാമിക ആക്രമണങ്ങളെന്ന് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം നിത്യവും പത്രം വായിക്കുമ്പോള്‍ കാണുന്നത് ഇറ്റലിയില്‍ ഒരാള്‍ ഗേള്‍ഫ്രന്റിനെ കൊലപ്പെടുത്തി, മറ്റൊരാള്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തി തുടങ്ങിയ വാര്‍ത്തകളാണ്. ഇവരെല്ലാം അടിയുറച്ച കത്തോലിക്കാ വിശ്വാസികളാണ്. ഇസ്‌ലാമിക ആക്രമണങ്ങളെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ കത്തോലിക്കാ ആക്രമണങ്ങളെ കുറിച്ചും സംസാരിക്കേണ്ടത് അനിവാര്യമാണ്. എല്ലാ മുസ്‌ലിംകളും ആക്രമണകാരികളല്ല. ഭീകരതക്ക് വ്യത്യസ്തങ്ങളായ കാരണങ്ങളുണ്ട്. മറ്റു വഴികളെല്ലാം അടയുമ്പോഴാണ് അത് വളരുന്നത്. സമ്പത്തിനോടുള്ള ആരാധനയുണ്ടാവുകയും ലോകസമ്പദ് വ്യവസ്ഥയുടെ മാറിടത്തില്‍ മനുഷ്യന്റെ സ്ഥാനത്ത് അതിനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് ഭീകരതയുടെ ഒന്നാമത്തെ കാരണം. മുഴുവന്‍ മനുഷ്യര്‍ക്കും എതിരായ അടിസ്ഥാനപരമായ ഭീകരതയാണത്. നാം അതിനെ കുറിച്ചാണ് സംസാരിക്കേണ്ടത്. എന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
എല്ലാ മതവിഭാഗങ്ങളിലും ചെറിയൊരു ശതമാനം മൗലികവാദികളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. മൂല്യങ്ങളോ മാതൃകകളോ കിട്ടാതെ യൂറോപ്യന്‍ യുവാക്കള്‍ അവഗണിക്കപ്പെടുന്നത് മയക്കുമരുന്നുകളിലേക്കും മദ്യത്തിലേക്കും മൗലികാവാദ സംഘടനകളിലേക്കും അവര്‍ നയിക്കപ്പെടുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles