Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ വികൃതമാക്കപ്പെട്ട ചിത്രം ശരിപ്പെടുത്താന്‍ ഖത്തര്‍-തുര്‍ക്കി ചര്‍ച്ച

ദോഹ: ഇസ്‌ലാമിന്റെ വികൃതമാക്കപ്പെട്ടിരിക്കുന്ന ചിത്രം ശരിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടി ഖത്തറും തുര്‍ക്കിയും ദോഹയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തി. ഖത്തര്‍ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രി ഗൈഥ് ബിന്‍ മുബാറക് അലി ഇംറാന്‍ അല്‍കവാരിയും തുര്‍ക്കി മതകാര്യവകുപ്പ് അധ്യക്ഷന്‍ മുഹമ്മദ് ഗോര്‍മാസും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വിഷയം ചര്‍ച്ച ചെയ്തത്. മതപരവും വൈജ്ഞാനികവുമായ മേഖലയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതും പൊതുപ്രാധാന്യമുള്ള വിഷയങ്ങളില്‍ കാഴ്ച്ചപ്പാടുകള്‍ പങ്കുവെക്കുന്നതും ഇരുവരും ചര്‍ച്ച ചെയ്തു.
തുര്‍ക്കിക്കും ഖത്തറിനും ഇടയില്‍ പൊതുപ്രാധാന്യമുള്ള നിരവധി വിഷയങ്ങളുണ്ട്. ഇസ്‌ലാമിന്റെ വികൃതമാക്കപ്പെട്ട ചിത്രം ശരിയാക്കിയെടുക്കലും യഥാര്‍ഥ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് കരുത്തുപകരലും അവ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരലും അതില്‍ പ്രധാനമാണ്. മധ്യമനിലപാടിനെ ശക്തിപ്പെടുത്തുകയും മുസ്‌ലിം സമൂഹത്തെ മറ്റു സമൂഹങ്ങള്‍ക്കിടയില്‍ അതിനുള്ള യഥാര്‍ഥ സ്ഥാനത്തേക്ക് മടക്കി കൊണ്ടുവരികയും വേണം. എന്ന് അല്‍കവാരി പറഞ്ഞു. തുര്‍ക്കി പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്റെ ആഴമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ പുരോഗതി മത വൈജ്ഞാനിക രംഗങ്ങളില്‍ കൂടി ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് ഗോര്‍മാസ് വ്യക്തമാക്കി. തുര്‍ക്കിയില്‍ അട്ടിമറി ശ്രമമുണ്ടായപ്പോള്‍ മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് ഭിന്നമായി ഒട്ടും അമാന്തിക്കാതെ തുര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ച ഖത്തര്‍ ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച്ചയാണ് ഗോര്‍മാസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഖത്തറിലെത്തിയത്.

Related Articles