Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക സേവനത്തിനുള്ള കിങ് ഫൈസല്‍ അവാര്‍ഡ് സല്‍മാന്‍ രാജാവിന്

റിയാദ്: ഇസ്‌ലാമിക സേവനത്തിനുള്ള കിങ് ഫൈസല്‍ അവാര്‍ഡിന് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ തെരെഞ്ഞെടുത്തു. ഇരുഹറമുകള്‍ക്കും അവിടെയെത്തുന്നവര്‍ക്കുമുള്ള സേവനങ്ങള്‍, പ്രവാചക ചരിത്രത്തിന് നല്‍കിയ പരിഗണന, പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട അറ്റ്‌ലസ് നിര്‍മാണത്തിനുള്ള സഹായം, അറബികളെയും മുസ്‌ലിംകളെയും ഒന്നിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് അദ്ദേഹത്തെ തെരെഞ്ഞെടുത്തിരിക്കുന്നത്.
റിയാദിലെ ഫൈസലിയ സെന്ററിലുള്ള അല്‍ഖുസാമ ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിലാണ് അവാര്‍ഡ് കമ്മിറ്റി മേധാവിയും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. വൈദ്യശാസ്ത്രരംഗത്ത് ജപ്പാനില്‍ നിന്നുള്ള തദമിസ്ത്സു കിശിമോതോ ആണ് ജേതാവ്. ശാസ്ത്രശാഖയിലെ അവാര്‍ഡ് സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള പ്രഫ. ഡാനിയല്‍ ലോസും നെതര്‍ലാന്റിലെ ലോറന്‍സ് മോലന്‍കാമ്പും പങ്കിട്ടു. അറബി ഭാഷക്കുള്ള അവാര്‍ഡ് ജോര്‍ഡനിലെ അറബി ഭാഷ അക്കാദമിക്കാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ അറബിവത്കരണത്തിലെ സംഭാവനകളാണ് ഇതിന് പരിഗണിച്ചത്. ലബനാനില്‍ നിന്നുള്ള റിദ്‌വാന്‍ സയ്യിദിനാണ് ഇസ്‌ലാമിക പഠനത്തിനുള്ള അവാര്‍ഡ്.
ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, അറബി ഭാഷ, ശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ അഞ്ച് ശാഖകളിലാണ് കിങ് ഫൈസല്‍ അവാര്‍ഡ് നല്‍കാറ്. അടുത്തമാസം റിയാദില്‍ നടക്കുന്ന പരിപാടിയിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

Related Articles