Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക സമൂഹം ഒന്നിച്ചു നില്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണം

മനാമ: പരസ്പരം വിഘടിച്ചും ഭിന്നിച്ചും നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കി ഇസ്‌ലാമിക സമൂഹം ഒന്നിച്ചു നില്‍ക്കാനും രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മക്കായി പ്രവര്‍ത്തിക്കാനൂം സാധിക്കണമെന്ന് സഈദ് റമദാന്‍ നദ് വി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഈസ ടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സൂന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ദാറുല്‍ ഈമാന്‍ കേരള വിഭാഗം മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ഖുതുബ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു. കൃത്യമായ ലക്ഷ്യം നിര്‍വഹിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മുസ്‌ലിം സമൂഹം ഇന്ന് പല കക്ഷികളായും സംഘടനകളായും തിരിഞ്ഞ് പക്ഷപാതിത്വത്തിന്റെ പിടിയിലമരുന്നത് ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നു. ലോകത്തുടനീളം നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ നിലകൊള്ളാന്‍ ബാധ്യതപ്പെട്ട സമുദായം തങ്ങളുടെ ഉള്ളില്‍ ശത്രുവിനെ തിരഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ച്ച ദയനീയമാണ്. മൃഗങ്ങളുടെ പേരില്‍ മനുഷ്യന്‍ ദാരുണമായി കൊല്ലപ്പെടുന്ന അവസ്ഥ ലോക ചരിത്രത്തില്‍ തന്നെ അപൂര്‍വമായ ഒന്നാണ്. ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. മനുഷ്യരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റങ്ങളെ ഇസ്‌ലാം അംഗീകരിക്കുന്നില്ല. ബീഫിന്റെ പേരിലുള്ള കൊല മുസ്‌ലിം പ്രശ്‌നം മാത്രമല്‌ളെന്നും മറിച്ച് അന്യായമായി ഒരാളുടെ രക്തം ചിന്തുന്നത് ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും രക്തം ചിന്തുന്നതിന് തുല്യമാണെന്നുള്ള ഖുര്‍ആന്റെ ഓര്‍മപ്പെടുത്തലാണ് ഇത്തരം അനീതിക്കെതിരെ നിലകൊള്ളാന്‍ മുസ്‌ലിം സമുദായത്തെ പ്രേരിപ്പിക്കുന്നത്. അനീതിക്കെതിരെ നിലകൊള്ളണമെന്ന് വിശ്വാസി സമൂഹത്തോടുള്ള ഖുര്‍ആന്റെ ശാസനയാണ്. കണ്‍ മുമ്പില്‍ തിന്മകാണുമ്പോള്‍ തടയാന്‍ ബാധ്യതപ്പെട്ടവനാണ് വിശ്വാസി. അനീതിയോടും അക്രമത്തോടും നിസ്സംഗനായി നില്‍ക്കുന്നത് വിശ്വാസമില്ലായ്മയുടെ ലക്ഷണമാണെന്നും അദ്ദേഹം ഉണര്‍ത്തി. വിശുദ്ധ കഅ്ബക്ക് നേരെയുണ്ടായ തീവ്രവാദ അക്രമണ ശ്രമത്തെയൂം അപലപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 2,000 ത്തിലധികം പേര്‍ പങ്കെടുത്ത ഈദ് ഗാഹിന് ജമാല്‍ നദ്‌വി, എം.എം സുബൈര്‍, മുഹമ്മദ് ശഫീഖ്, എം. ബദ്‌റുദ്ദീന്‍, എം. ജാബിര്‍, മുഹമ്മദ് മുസ്തഫ, സിറാജ് കിഴുപ്പിള്ളിക്കര, മുഹമ്മദ് ശരീഫ്,  എ.എം ഷാനവാസ്, ടി.കെ ഫാജിസ്, നസീം സബാഹ്, അബ്ദുല്‍ ഫത്താഹ്, അബ്ബാസ് മലയില്‍, കെ.കെ മുനീര്‍, ഫസ്‌ലുറഹ്മാന്‍, അബ്ദൂല്‍ ഹക്കീം, ബിന്‍ഷാദ് പിണങ്ങോട്, വി.കെ നൗഫല്‍, അബ്ദുല്‍ ജലീല്‍, യു.വി റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles