Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക പൈതൃകത്തിന്റെ ഉന്നമനത്തിനായി മദീനയില്‍ മ്യൂസിയം ആരംഭിച്ചു

മദീന: ഇസ്‌ലാമിക പാരമ്പര്യങ്ങളും പൈതൃകങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മദീനയില്‍ മ്യൂസിയം ആരംഭിച്ചു. സൗദി കമ്മിഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജിന്റെ കീഴിലാണ് സ്വകാര്യ പങ്കാളിത്തത്തില്‍ മ്യൂസിയം തുറന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം,ഇസ്‌ലാമിക നാഗരികത, മദിനയുടെ നാഗരിക സംസ്‌കാരം എന്നിവ സന്ദര്‍ശകര്‍ക്കും ഗവേഷകര്‍ക്കും പഠിക്കാനുതകുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

പ്രവാചക ചരിത്രവും മദീനയുടെ പാരമ്പര്യവും ചരിത്രവും വിശദീകരിക്കുന്ന ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലിയതുമായ മ്യൂസിയമാണിതെന്ന് ദാറുല്‍ മദീന മ്യൂസിയം ഡയറക്ടര്‍ ഹസന്‍ ത്വാഹിര്‍ പറഞ്ഞു. നാലു വലിയ ഹാളുകളും ഇവിടെയുണ്ട്. സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കാനുതകും വിധമാണ് ഇവ തയാറാക്കിയത്. പ്രവാചകന്റെ ജീവിതം വരച്ചു കാട്ടുന്ന രീതിയിലുള്ള അപൂര്‍വ പെയിന്റിങ്ങുകളും മദീനയുടെ പഴയകാല ഫോട്ടോകളുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.

മദീനയുടെ പഴയകാല വാസ്തുശാസ്ത്രം സന്ദര്‍ശകര്‍ക്ക് മറ്റൊരു ഹാളില്‍ ആസ്വദിക്കാം. അറബിക്,ഇംഗ്ലീഷ്,ടര്‍ക്കിഷ്,ഉര്‍ദു തുടങ്ങി ഏഴു ഭാഷകളറിയുന്ന ഗൈഡുമാരെയും ഇവിടെ ഒരുക്കിയിട്ടുണ്ട്. മദീനയിലെ കിംങ് അബ്ദുല്‍ അസീസ് റോഡിലെ മദീന എകണോമിക് സിറ്റിയില്‍ ഒരുക്കിയ മ്യൂസിയത്തിലേക്കുള്ള പ്രവേശന ഫീസ് 25 സൗദി റിയാലാണ്.

 

Related Articles