Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാംഭീതി നഖത്തിനിടയില്‍ ഒളിപ്പിച്ചുവെച്ച സമൂഹമാണ് കേരളം: സി.പി ജോണ്‍

തേഞ്ഞിപ്പലം: ഇസ്‌ലാംഭീതി നഖത്തിനിടയില്‍ ഒളിപ്പിച്ച സമൂഹമാണ് കേരളമെന്ന് പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗവും സി.എം.പി ജനറല്‍ സെക്രട്ടറിയുമായ സി.പി ജോണ്‍. ഇസ്‌ലാം ഫോബിയ ഒരു ജ്വരമായി കേരളത്തിലെ രാഷ്ട്രീയ സമൂഹത്തെ പിടികൂടിയിരിക്കുകയാണ്. കേരളത്തിലെ ഇടത് രാഷ്ട്രീയം പോലും ഏത് സമയവും ഇസ്‌ലാം ഭീതിയിലേക്ക് വീഴാന്‍ കഴിയുന്നതാണ്. അഞ്ച് മുസ്‌ലിം മന്ത്രിമാരെ സഹിക്കാന്‍ കഴിയാത്തത് പോലും ഈ സവിശേഷതകള്‍ കൊണ്ടാണെന്നും സി പി ജോണ്‍ പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച ഇസ്‌ലാമോഫോബിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.
ജാതീയ വിവേചനം പോലെ തന്നെ ഇസ്‌ലാമോഫോബിയയുടെ കേരളീയ പൊതുസമൂഹത്തിന്റെ ഭാഗമാണ്. മുസ്‌ലിം സാന്നിധ്യമില്ലാത്ത സദസുകളില്‍ ഇത് ഏറെ ദൃശ്യമാണ്. വംശീയമായ തമാശ പ്രയോഗങ്ങള്‍ പോലും ഉണ്ടാകുന്നു. മുസ്‌ലിം സമൂഹം ഏത് സാഹചര്യത്തിലായാലും ആക്ഷേപാര്‍ഹ്യമാകുന്നു. പഠിക്കാത്തവരും താഴ്ന്ന ജോലി ചെയ്യുന്നവരുമെന്നായിരുന്ന പഴയ ആക്ഷേപങ്ങളെങ്കില്‍ പണമുള്ളവരും പഠിപ്പുള്ളവരുമാണെന്നതാണ് ഇപ്പോള്‍ ആക്ഷേപര്‍ഹമാകുന്നത്. ഇത്തരം തമാശകള്‍ പോലും തുറന്ന ചര്‍ച്ച ചെയ്താലെ ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്‍ കഴിയൂ. മുസ്‌ലിം സമൂഹത്തെ അംഗീകരിക്കുന്ന പൊതുസമൂഹമുണ്ടാവുക എന്നത് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും സി പി ജോണ്‍ പറഞ്ഞു. സാംസ്‌കാരിക ചര്‍ച്ചകളില്‍ നിന്ന് നാഗരിക ചര്‍ച്ചകളിലേക്കുള്ള മാ്റ്റത്തിന്റെ ഉദാഹരണമാണ് ഇസ്‌ലാമോഫോബിയ സമ്മേളനമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ എം.ടി അന്‍സാരി പറഞ്ഞു. ലൗ ജിഹാദും അനാഥാലയ വിവാദവും അഞ്ചാമന്ത്രി വിവാദവും ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ ഇസ്‌ലാമോഫോബിയയില്‍ കണ്ടെത്തേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ പറഞ്ഞു. പ്രൊഫസര്‍ പി കെ പോക്കര്‍, കടയ്ക്കല്‍ അഷ്‌റഫ് തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു. ജോഹന്നാസ് ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകന്‍ കെ അഷ്‌റഫ്, ബര്‍ക്ക്ല്‍ യൂനിവേഴ്‌സിറ്റി ഗവേഷക ഡോ. വര്‍ഷ ബഷീര്‍, ഹൈദരാബാദ് ഇഫ്‌ലുവിലെ ഗവേഷകന്‍ പി കെ സാദിഖ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സമ്മേളനത്തില്‍ ഇന്ന്
ഇസ്‌ലാമോഫോബിയ അന്താരാഷ്ട്ര സമ്മേളനത്തില്‍ ശനിയാഴ്ച്ച രാവിലെ 9ന് തുടങ്ങുന്ന പാനല്‍ ഡിസ്‌കഷനില്‍ ജെ.എന്‍.യു വിലെ പ്രൊഫ എ.കെ രാമകൃഷ്ണന്‍, ഹൈദരാബാദ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫ് എം.ടി അന്‍സാരി, ഹൈദരാബാദ് ഇഫ്‌ലുവിലെ അധ്യാപിക ഡോ. ബി.എസ് ഷെറിന്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവര്‍ സംസാരിക്കും.
ഉച്ചക്ക് 2 മണി മുതല്‍ നടക്കുന്ന സെഷനില്‍ കാലിക്കറ്റ് സര്‍വകലാശയിലെ സീനിയല്‍ ലെക്ചര്‍ ഡോ. കെ എസ് മാധവന്‍ അധ്യക്ഷത വഹിക്കും. ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സെക്രട്ടറി വി.എ.എം അഷ്‌റഫ്, മാധ്യമ നിരൂപകന്‍ ഡോ. യാസീന്‍ അഷ്‌റഫ്, മാധ്യമ പ്രവര്‍ത്തകന്‍ കെ.പി സേതുനാഥ്, ശബാബ് എഡിറ്റര്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ സംസാരിക്കും.
വൈകിട്ട് 6.30 മുതലുള്ള സെഷനില്‍ ദലിത് ആക്ടിവിസ്റ്റ് കെ.കെ ബാബുരാജ്, ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി ഹുസൈന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അധ്യാപകന്‍ വി ഹിക്മത്തുല്ല, സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ശഹിന്‍ കെ മൊയ്തുണ്ണി, ജമാഅത്തെ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിക്കും.

Related Articles