Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സന്ദര്‍ശനം വിലക്കി കൊണ്ട് സൗത്ത് ആഫ്രിക്ക

ജോഹന്നാസ്ബര്‍ഗ്: മേഖലയിലെ സമാധാനത്തിന് ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഇസ്രായേല്‍ തുടരുകയാണെങ്കില്‍ ഇനി മുതല്‍ ഇസ്രായേല്‍ സന്ദര്‍ശിക്കരുതെന്ന് പ്രസിഡന്റ് ജേക്കബ് സുമ സൗത്ത് ആഫ്രിക്കന്‍ ജനതയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭരണപാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ (എ.എന്‍.സി) 105-ാം വര്‍ഷികാഘോഷ പരിപാടിയില്‍ ആയിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്വയം നിര്‍ണാവകാശത്തിന് വേണ്ടിയുള്ള വേദനാജനകവും ത്യാഗനിര്‍ഭരവുമായ പോരാട്ടം ഫലസ്തീന്‍ ജനത തുടരുകയാണ്’ എന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. സമാധാനത്തിന് ഭീഷണിയായ നടപടികളുടെ പേരിലാണ് ഇസ്രായേലിലേക്കുള്ള യാത്ര ശക്തമായി നിരുത്സാഹപ്പെടുത്തുന്നതെന്ന് സുമ കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന്‍ സംഘങ്ങള്‍ ഐക്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ നയങ്ങളെ അപലപിച്ചു കൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗണ്‍സില്‍ പ്രമേയത്തെ സുമയുടെ പാര്‍ട്ടി പിന്തുണച്ചിരുന്നു. മുമ്പ് ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്ന സൗത്ത് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളും, ബിസിനസ്സ് വ്യക്തിത്വങ്ങളും, ഉദ്യോഗസ്ഥരും വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ അധിനിവേശത്തിനെതിരെയുള്ള ഫലസ്തീന്‍ ചെറുത്ത് നില്‍പ്പിനുള്ള പിന്തുണ സൗത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍ അടക്കമുള്ള സ്ഥാപനങ്ങളും, വ്യക്തിത്വങ്ങളും പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. വര്‍ണ്ണവിവേചനം നിലനിന്നിരുന്ന കാലത്ത് തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന അതേ കാര്യങ്ങള്‍ തന്നെയാണ് ഫലസ്തീനികള്‍ക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സൗത്ത് ആഫ്രിക്കന്‍ പൗരന്‍മാരും.
ദുരിതമനുഭവിച്ചു കൊണ്ടിരിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കാനും പ്രസിഡന്റ് സുമ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

Related Articles