Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്മാറി

ബ്യൂണസ് അയേഴ്‌സ്: ഇസ്രായേലുമായി ജൂണ്‍ ഒന്‍പതിന് നിശ്ചയിച്ചിരുന്ന സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്മാറി. ലോകത്താകമാനമുള്ള ആരാധകരുടെയും ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും ഫലസ്തീന്‍ പോരാട്ട പ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് അര്‍ജന്റീനയുടെ ദേശീയ ടീം മത്സരത്തില്‍ നിന്നും പിന്മാറിയത്. മത്സരത്തിന്റെ വേദി നിശ്ചിയിച്ചിരുന്നില്ലെങ്കിലും ജറൂസലേമിലെ ടെഡി സ്റ്റേഡിയത്തില്‍ വച്ചാണ് നടക്കുക എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ചൊവ്വാഴ്ച അര്‍ജന്റീനിയന്‍ സ്‌പോര്‍ട്‌സ് വെബ്‌സൈറ്റുകളാണ് വാര്‍ത്ത പുറത്തുവിട്ടത്.

അര്‍ജന്റീനക്കും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്കും നേരെയും പ്രതിഷേധം കനത്തിരുന്നു. മത്സരത്തില്‍ നിന്നും പിന്മാറണമെന്നും ഇസ്രായേലിന്റെ ആക്രമങ്ങള്‍ക്കും അധിനിവേശത്തിനും പിന്തുണ നല്‍കരുതെന്നും സോഷ്യല്‍ മീഡിയയിലടക്കം വ്യാപക ക്യാംപയിനുകള്‍ നടന്നിരുന്നു. അര്‍ജന്റീനയുടെ തീരുമാനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ലോകകപ്പിന് തൊട്ടു മുന്‍പായി എടുത്ത ഈ തീരുമാനം അര്‍ജന്റീനക്ക് കരുത്തേകുമെന്നും ടീമിന് കൂടുതല്‍ ജനപ്രീതി നല്‍കാനിടയാകുമെന്നാണ് ഫാന്‍സിന്റെ കണക്കുകൂട്ടല്‍.

അര്‍ജന്റീനന്‍ താരങ്ങള്‍ ഇതിനെ ഒരു ആത്മീയ യാത്രയായാണ് കണക്കാക്കിയിരുന്നതെന്നും ജറൂസലേം സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്താനും താരങ്ങള്‍ പദ്ധതിയിട്ടിരുതായും റിപ്പോര്‍ട്ടുകളുണ്ട്.

മത്സരത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ഫലസ്തീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (പി.എഫ്.എ) അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും ഫിഫക്കും സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും കത്തു നല്‍കിയിരുന്നു.1948ല്‍ ഇസ്രായേല്‍ രാഷ്ട്ര രൂപീകരണ സമയത്ത് ഫലസ്തീന്റെ ഭാഗമായിരുന്നു ഈ സ്റ്റേഡിയം.

 

Related Articles