Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ കേന്ദ്ര നിര്‍മാണത്തിനെതിരെ അറബ് പ്രമേയം

ന്യൂയോര്‍ക്ക്: ഇസ്രായേലിന്റെ അനധികൃത കുടിയേറ്റ കേന്ദ്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയിലെ അറബ് സംഘം പ്രമേയം അവതരിപ്പിച്ചതായി നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. പ്രമേയം അവതരിപ്പിച്ചതിന് ശേഷം പകര്‍പ്പ് രക്ഷാസമിതി അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. പ്രമേയത്തിന് മേല്‍ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് പ്രമേയം ചര്‍ച്ചക്ക് വെക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂത കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള അനധികൃത പാര്‍പ്പിട കേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പ്രമേയം ആവശ്യപ്പെട്ടു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനമാണെന്നും, അന്താരാഷ്ട്രാ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും വ്യക്തമാക്കിയ പ്രമേയം, ദ്വിരാഷ്ട്ര പരിഹാരത്തിനും, ഫലസ്തീനികളുമായുള്ള സമാധാന ശ്രമങ്ങള്‍ക്കും ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സം തീര്‍ക്കുമെന്നും അടിവരയിട്ട് പറഞ്ഞു.
കുടിയേറ്റ കേന്ദ്രങ്ങളെ നിയമവിധേയമാക്കി കൊണ്ടുള്ള നിയമം ഇസ്രായേല്‍ പാര്‍ലമെന്റിന്റെ ഭരണഘടനാ സമിതി ശരിവെച്ച് ഉന്നതസഭയില്‍ വോട്ടെടുപ്പിന് വെക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അറബ് സംഘം ഐക്യരാഷ്ട്രസഭയില്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിര്‍മിച്ച കുടിയേറ്റ കേന്ദ്രങ്ങളെ നിയമവിധേയമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള നിയമമാണത്. കൂടാതെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായി റാമല്ലയില്‍ നിര്‍മിച്ച മുന്നൂറോളം കുടിയേറ്റക്കാര്‍ താമസിക്കുന്ന ‘അമോണ’ കുടിയേറ്റ കേന്ദ്രത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി പ്രസ്തുത നിയമത്തിനുണ്ട്. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് മാത്രമല്ല ഇസ്രായേലി നിയമങ്ങള്‍ക്കും വിരുദ്ധമാണ്.
തൊണ്ണൂറുകളുടെ അവസാനത്തില്‍ ഫലസ്തീന്‍ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ നിര്‍മിച്ച പ്രസ്തുത കുടിയേറ്റ കേന്ദ്രം 2016 ഡിസംബര്‍ 25-നകം പൊളിച്ച് മാറ്റണമെന്ന് 2014-ല്‍ ഇസ്രായേല്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
നിയമം പാസാവുകയാണെങ്കില്‍ അനധികൃതമായി നിര്‍മിച്ച 55 കുടിയേറ്റ കേന്ദ്രങ്ങളും നാലായിരം ഹൗസിംഗ് യൂണിറ്റുകളും നിയമവിധേയമാകുമെന്ന് കുടിയേറ്റ കേന്ദ്ര വിരുദ്ധ ഇസ്രായേലി സംഘടനയായ ‘പീസ് നൗ’ പറഞ്ഞു.
‘ഈ നിയമം മുഖേന 8000 ഏക്കര്‍ ഫലസ്തീന്‍ ഭൂമി മാത്രമല്ല ഇസ്രായേല്‍ കവര്‍ന്നെടുക്കുന്നത്, മറിച്ച് ദ്വിരാഷ്ട്ര പരിഹാരം എന്ന സാധ്യതയെ കൂടിയാണ്’ എന്ന് സംഘടന കൂട്ടിച്ചേര്‍ത്തു.

Related Articles