Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ ഹിസ്ബുത്തഹ്‌രീറുല്‍ ഇസ്‌ലാമിയെ നിരോധിക്കാനൊരുങ്ങുന്നു

വെസ്റ്റ്ബാങ്ക്: ഹിസ്ബുത്തഹ്‌രീറുല്‍ ഇസ്‌ലാമി ഐഎസ് ആശയങ്ങളെയാണ് പിന്തുടരുന്നതെന്നാരോപിച്ച് അതിനെ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഇസ്രയേല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാഡ് എര്‍ഡന്‍ പറഞ്ഞു. സംഘടനക്കും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം സംബന്ധിച്ച ചര്‍ച്ചകള്‍ ആഭ്യന്തര മന്ത്രിയുമായി നടത്തുമെന്ന് ഇസ്രയേല്‍ പോലീസിന്റെ പ്രസ്താവന പറഞ്ഞു. ഇസ്രയേലിന്റെ നിലനില്‍പിനുള്ള അവകാശം അംഗീകരിക്കാത്ത സംഘടന പകരം ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാനാണ് ആവശ്യപ്പെടുന്നതെന്നും പ്രസ്താവന ന്യായം ഉന്നയിച്ചു. ഖുദ്‌സ് കോമ്പൗണ്ടില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാക്കള്‍ ഭീകരവാദ സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പ്രസ്താവന ആരോപിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ഐഎസ് ആശയങ്ങളെ പിന്തുടരുകയും ചെയ്യുന്ന ഒരു സംഘടനയെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
1953ല്‍ ജോര്‍ദാനിലാണ് ഹിസ്ബുത്തഹ്‌രീര്‍ രൂപീകരിക്കപ്പെട്ടത്. ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കാനും മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനുമാണ് അത് ആഹ്വാനം ചെയ്യുന്നത്. 2006ല്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി കൊണ്ട് ഡെന്‍മാര്‍ക് പത്രം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെതിരെ പ്രകടനം നടത്തിയിരുന്നു.

Related Articles