Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് രക്തസാക്ഷിയായി

ഖുദ്‌സ്: ചൊവ്വാഴ്ച്ച വൈകിയിട്ട് ഖുദ്‌സിലെ സര്‍വാന്‍ മുന്‍സിപാലിറ്റിയില്‍ ഇസ്രയേല്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഫലസ്തീന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അലി ആതിഫ് ശുയൂഖി എന്ന ഇരുപതുകാരനാണ് രക്തസാക്ഷിയാതതെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. അദ്ദേഹത്തിന്റെ മാറിലാണ് വെടിയേറ്റത്. പരിക്കേറ്റ ശുയൂഖിയുടെ അടുത്തേക്ക് പോകുന്നതില്‍ നിന്ന് ആംബുലന്‍സ് സംഘത്തെ അധിനിവേശ സൈനികര്‍ തടഞ്ഞുവെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
രക്തസാക്ഷിത്വം വരിച്ച് ഒരു മണിക്കൂറിനകം തന്നെ ഏതാനും ഫലസ്തീനികള്‍ യുവാവിന്റെ മൃതദേഹം മറമാടി. മൃതദേഹം ഇസ്രയേല്‍ തടഞ്ഞുവെക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് ബന്ധുക്കള്‍ പെട്ടന്ന് തന്നെ മറമാടിയതെന്ന് റിപോര്‍ട്ട് സൂചിപ്പിച്ചു. അധിനിവേശ കുറ്റകൃത്യങ്ങളെ ശക്തമായി അപലപിച്ച ജനാസയില്‍ പങ്കെടുത്തവര്‍ ഇസ്രയേലിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 15 മാസം അധിനിവേശ ഇസ്രയേല്‍ ജയിലില്‍ അടക്കപ്പെട്ടതിന് ശേഷം ഈ വര്‍ഷം ആദ്യത്തിലാണ് ശുയൂഖി ജയില്‍ മോചിതനായത്. കഴിഞ്ഞ ഞായറാഴ്ച്ച മിസ്ബാഹ് അബൂ സുബൈഹ് എന്ന ഫലസ്തീന്‍ യുവാവ് നടത്തിയ വെടിവെപ്പില്‍ ഒരു ഇസ്രയേല്‍ കുടിയേറ്റക്കാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി സല്‍വാനില്‍ അധിനിവേശ സൈനികര്‍ക്കും ഫലസ്തീന്‍ യുവാക്കള്‍ക്കും ഇടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

Related Articles