Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ കരിമ്പട്ടികയില്‍; ഹമാസ് സ്വാഗതം ചെയ്തു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള മനുഷ്യാവകാശ കൗണ്‍സിലിന്റെ കരിമ്പട്ടികയില്‍ അധിനിവേശ ഇസ്രയേലിനെ ചേര്‍ത്ത നടപടിയെ ഹമാസ് സ്വാഗതം ചെയ്തു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാവുകയും ചെയ്യുന്ന രാഷ്ട്രങ്ങളുടെയും കൂട്ടായ്മകളുടെയും പട്ടികയാണിത്. ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന ലംഘനങ്ങളുടെ പേരില്‍ അധിനിവേശകരെ വിചാരണ ചെയ്യണമെന്നും ഹമാസ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇസ്രയേല്‍ അധിനിവേശത്തിന്റെ യാഥാര്‍ഥ്യവും ഫലസ്തീന്‍ ജനത അനുഭവിക്കുന്ന അതിക്രമങ്ങളും വെളിപ്പെടുത്തുന്നതില്‍ ഈ നീക്കത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു. ഈ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ അധിനിവേശഖരെ വിചാരണ ചെയ്യാനും ലംഘനങ്ങളുടെ പേരില്‍ ശിക്ഷിക്കാനും അന്താരാഷ്ട്ര സമൂഹവും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും മറ്റ് അന്താരാഷ്ട്ര വേദികളും രംഗത്ത് വരണമെന്നും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണക്കണമെന്നും ഞായറാഴ്ച്ച ഹമാസ് വെബ്‌സൈറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ ബര്‍ഹൂം ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചെന്ന കുറ്റത്തിന്റെ പേരില്‍ 29 രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തി കഴിഞ്ഞ ബുധനാഴ്ച്ച വൈകിയിട്ടാണ് മനുഷ്യാവകാശ കൗണ്‍സില്‍ കരിമ്പട്ടിക പ്രസിദ്ധീകരിച്ചത്. അതില്‍ ഉള്‍പ്പെടുത്തപ്പെട്ട രാഷ്ട്രങ്ങളിലൊന്നാണ് ഇസ്രയേല്‍. ഇസ്രയേലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മനുഷ്യാവകാശ സംഘടനകള്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേല്‍ പത്രമായ യെദിയോത്ത് അഹരനോത്ത് റിപോര്‍ട്ട് ചെയ്തിരുന്നു.

Related Articles