Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ തീവ്രവലതുപക്ഷം സമാധാനം ആഗ്രഹിക്കുന്നില്ല: കെറി

വാഷിംഗ്ടണ്‍: ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ എതിര്‍ത്തതിലൂടെ ബെന്യമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍ തീവ്രവലതുപക്ഷം സമാധാനത്തെയാണ് നിരാകരിച്ചിരിക്കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഫലസ്തീന്‍ മണ്ണിലെ ഇസ്രയേല്‍ കുടിയേറ്റങ്ങള്‍ സമാധാനത്തിനുള്ള സാധ്യതകളെയാണ് തകര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇസ്രയേല്‍ ബന്ധത്തെ കുറിച്ച് ബ്രൂക്കിംഗ് ഇന്‍സ്റ്റിട്യൂട്ട് സംഘടിപ്പിച്ച വാര്‍ഷിക സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഉപയോഗപ്പെടുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും സെമിനാറിനെ അഭിസംബോധന ചെയ്തു.
നിലവിലെ ഇസ്രയേല്‍ ഭരണകൂടത്തിലെ പകുതിയിലേറെ മന്ത്രിമാരും ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പരസ്യമായി എതിര്‍ത്തവരാണ്. ഒരിക്കലും ഫലസ്തീന്‍ രാഷ്ട്രമുണ്ടാവില്ലെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ ഏറെ ഉത്കണ്ഠയുണ്ടാക്കുന്നതാണെന്നും കെറി വ്യക്തമാക്കി. ഫലസ്തീന്‍ ഭൂമിയിലെ ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം സമാധാന ശ്രമങ്ങളെ ബാധിക്കില്ലെന്നും ഫലസ്തീനിനും ഇസ്രയേലിനും ഇടയില്‍ സമാധാനമുണ്ടാക്കുന്നതിന് അത് തടസ്സമാവില്ലെന്നുമുള്ള വാദത്തെ അംഗീകരിക്കാനാവില്ലെന്നും അമേരിക്കന്‍ സെക്രട്ടറി പറഞ്ഞു. നെതന്യാഹു ഭരണത്തിന് കീഴില്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇസ്രയേലിലെ തീവ്രവലതുപക്ഷം ‘വന്‍ ഇസ്രയേല്‍’ എന്ന സ്വപ്‌നം കൊണ്ടു നടക്കുന്നവരാണ്. സമാധാന നീക്കങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാനും വെസ്റ്റ്ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രയേലിന്റെ ഭാഗമാക്കാനാവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇത് മോശപ്പെട്ട അവസ്ഥയില്‍ നിന്ന് കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles