Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ കോടതി റാഇദ് സലാഹിനെതിരെയുള്ള കുറ്റപത്രം പരിശോധിക്കുന്നു

തെല്‍അവീവ്: ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹിനെതിരെ ചുമത്തപ്പെട്ട കുറ്റപത്രം കേള്‍ക്കുന്നതിനായി ഹൈഫയിലെ ഇസ്രയേല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാവിലെ ചേര്‍ന്നു. അക്രമത്തിനും ഭീകരപ്രവര്‍ത്തനത്തിനും പ്രേരിപ്പിച്ചു, നിരോധിത സംഘടനയെ സഹായിച്ചു എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഗ്രീന്‍ ലൈനിനകത്തുള്ള ഇസ്‌ലാമിക പ്രസ്ഥാനമാണ് നിരോധിത സംഘടന കൊണ്ട് ഇസ്രയേല്‍ ഉദ്ദേശിക്കുന്നത്.
വെള്ളിയാഴ്ച്ച രാത്രി ജയിലില്‍ നിന്നും ശനിയാഴ്ച്ച കോടതിയില്‍ എത്തുന്നത് വരെ ഒന്നിലേറെ വിലങ്ങുകള്‍ കൊണ്ട് ബന്ധിച്ചാണ് തന്നെ വാഹനത്തില്‍ കൊണ്ടുവന്നതെന്ന് കോടതി മുറിയില്‍ പ്രവേശിച്ച ഉടനെ ശൈഖ് സലാഹ് പറഞ്ഞു. അതിന്റെ ഫലമായി കൈകള്‍ പൊട്ടിയ പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പ്രേരിപ്പിച്ചു എന്നാരോപിച്ച് കഴിഞ്ഞ മാസം മധ്യത്തോടെയാണ് ശൈഖ് സലാഹിനെ ഉമ്മുല്‍ ഫഹ്മിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഇസ്രയേല്‍ സ്‌പെഷ്യല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹം പല തവണ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ ഭരണകൂടത്തിന്റെ സുരക്ഷാ ഉപദേഷ്ടാവിന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. 2015ലാണ് അദ്ദേഹം നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ ഇസ്രയേല്‍ നിരോധിച്ചത്.

 

Related Articles