Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ അറസ്റ്റിന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കണം

ജനീവ: അറസ്റ്റുകളില്‍ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ അധിനിവിഷ്ട ഫലസ്തീനിലെ മനുഷ്യാവകാശ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്‌പെഷ്യല്‍ റാപോര്‍ട്ടര്‍ മൈക്കള്‍ ലിങ്ക് ആവശ്യപ്പെട്ടു. ജയിലിലെ മോശം സാഹചര്യത്തില്‍ പ്രതിഷേധിച്ച് ആയിരത്തിലേറെ ഫലസ്തീന്‍ തടവുകാര്‍ ഒരു മാസത്തോളമായി നിരാഹാരത്തിലാണെന്നും ചൊവ്വാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയില്‍ അദ്ദേഹം സൂചിപ്പിച്ചു. ഇസ്രയേല്‍ ജയിലിലെ ഫലസ്തീന്‍ തടവുകാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുകയും അവരുടെ കുടുംബങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കുകയും വിചാരണത്തടവുകളും പക്ഷപാതിത്വത്തോടെയുള്ള അറസ്റ്റുകളും അവസാനിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രയേല്‍ ജയിലില്‍ അടക്കപ്പെട്ട ആറായിരത്തോളം ഫലസ്തീന്‍ തടവുകാരുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് നിരക്കാത്ത ഒന്നാണിത്. പല ഫലസ്തീന്‍ തടവുകാരും ഏകാന്ത തടവിന് വിധേയരാക്കപ്പെടുന്നു. നിരാഹാര സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അവരുടെ പല അവകാശങ്ങളും നിഷേധിക്കുകയും തങ്ങളുടെ അഭിഭാഷകരെ കാണുന്നതിന് അനുമതി നല്‍കാതിരിക്കുകയും ചെയ്യുന്നു. ബലം പ്രയോഗിച്ച് ആഹാരം കഴിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ വിധേയരാക്കപ്പെടുന്നുണ്ട്. ഫലസ്തീന്‍ തടവുകാരെ സംബന്ധിച്ച് അന്താരാഷ്ട്ര വേദികള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ ഉത്കണ്ഠാ ജനകമാണ്. എന്നും പ്രസ്താവന വ്യക്തമാക്കി.
ജയില്‍ സാഹചര്യം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രില്‍ 17 മുതല്‍ ആയിരത്തി അഞ്ഞൂറോളം ഫലസ്തീന്‍ തടവുകാര്‍ നിരാഹാരം നടത്തുന്നുണ്ട്. ഫതഹ് പാര്‍ട്ടി കേന്ദ്ര സമിതിയംഗം മര്‍വാന്‍ ബര്‍ഗൂഥിയാണ് നിരാഹാര സമരത്തിന് നേതൃത്വം നല്‍കുന്നത്. 2000 ആണ്ടിലെ ഇന്‍തിഫാദക്കിടെ ഇസ്രയേലികളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2002 മുതല്‍ ബര്‍ഗൂഥി ജയില്‍വാസം അനുഭവിക്കുന്നുണ്ട്.

Related Articles