Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ മരവിപ്പിച്ചതായി അബ്ബാസിന്റെ പ്രഖ്യാപനം

റാമല്ല: ഫലസ്തീനികള്‍ക്കെതിരെ മൊത്തത്തിലും ഖുദ്‌സ് നിവാസികള്‍ക്കും മസ്ജിദുല്‍ അഖ്‌സക്കുമെതിരെ സവിശേഷമായും ഇസ്രയേല്‍ സ്വീകരിക്കുന്ന നടപടികള്‍ റദ്ദാക്കാന്‍ തയ്യാറാകുന്നത് വരെ എല്ലാ തലത്തിലും അവരുമായുള്ള ബന്ധങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച്ച റാമല്ലയില്‍ ചേര്‍ന്ന ഫലസ്തീന്‍ നേതാക്കളുടെ യോഗത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയുടെ ചരിത്രപരവും നിയമപരവുമായ സ്ഥിതി നിലനിര്‍ത്താന് അദ്ദേഹം ആവശ്യപ്പെട്ടു. അധിനിവേശകര്‍ അഖ്‌സയില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകളെ ഫലസ്തീന്‍ നേതൃത്വം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയുടെ കപട മുഖംമൂടിയിട്ട് അധിനിവേശ ഭരണകൂടം സ്വീകരിക്കുന്ന രാഷ്ട്രീയ നയങ്ങള്‍ മസ്ജിദുല്‍ അഖ്‌സക്ക് മേല്‍ അവരുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. സമാധാന നീക്കങ്ങളില്‍ നിന്നും അതിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്നതിനാണത്. സംഘട്ടനത്തെ രാഷ്ട്രീയ തലത്തില്‍ നിന്നും മതതലത്തിലേക്ക് മാറ്റുകയും മസ്ജിദുല്‍ അഖ്‌സയെ കാലത്തിന്റെയും സ്ഥലങ്ങളുടെയും അടിസ്ഥാനത്തില്‍ വിഭജിക്കലും അവരുടെ ഉദ്ദേശ്യമാണ്. എന്ന് അബ്ബാസ് പറഞ്ഞു.
ഖുദ്‌സ് നഗരത്തിലെ ഫലസ്തീനികളുടെ ചെറുത്തുനില്‍പ് ശക്തിപ്പെടുത്തുന്നതിന് 25 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വകയിരുത്തിയതായും അദ്ദേഹം പ്രഖ്യാപിച്ചു. ഫലസ്തീന്‍ ജനതക്ക് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സംരക്ഷണം നല്‍കണമെന്നും ഫലസ്തീന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. എല്ലാ ആഭ്യന്തര വിയോജിപ്പുകളും മാറ്റിവെച്ച് ജനതയുടെ ഐക്യത്തിനും അവരുടെ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കും അറുതി വരുത്തുന്നുന്നതിനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ ഫലസ്തീന്‍ ഗ്രൂപ്പുകളോടും അദ്ദേഹം ആഹ്വാനം ചെയ്തു. ഗസ്സയിലെ ഭരണസമിതി പിരിച്ചുവിട്ട് ദേശീയ ഐക്യസര്‍ക്കാറിന് അതിന്റെ ദൗത്യം നിര്‍വഹിക്കാനും ദേശീയ തെരെഞ്ഞെടുപ്പിലേക്ക് പോകാനും അവസരം ഒരുക്കി അഖ്‌സയുടെ വിളിക്ക് ഉത്തരം നല്‍കണമെന്ന് ഹമാസിനോട് അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രസിഡന്റ് പ്രഖ്യാപിച്ച ബന്ധങ്ങള്‍ മരവിപ്പിച്ചതിന്റെ ഭാഗമായി ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം നിര്‍ത്തലാക്കുമോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിവിധ രംഗങ്ങളില്‍ ബന്ധങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി, വെള്ളം പോലുള്ള കാര്യങ്ങളില്‍ ഈയടുത്ത് ചില കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്.

Related Articles