Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലുമായി ‘ചരിത്രപ്രധാനമായ’ കരാറിന് സന്നദ്ധനായി അബ്ബാസ്

ആഡിസ് അബാബ: ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേലികളുമായി ‘ചരിത്രപ്രധാനമായ’ സമാധാന കരാറിനുള്ള സന്നദ്ധത ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രകടിപ്പിച്ചു. 1967 മുതല്‍ ഫലസ്തീന്‍ മണ്ണില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെടുത്തിയായിരിക്കണം അവരുമായുള്ള ബന്ധത്തിലെ പുരോഗതിയില്‍ തീരുമാനമെടുക്കേണ്ടതെന്നും ആഫ്രിക്കന്‍ രാഷ്ട്രനേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ ആഫ്രിക്കന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും ഭൂഖണ്ഡത്തില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനുമുള്ള അധിനിവേശ ഇസ്രയേല്‍ രാഷ്ട്രത്തിന്റെ ശ്രമങ്ങള്‍ അവരുടെ ഫലസ്തീനിലെ അധിനിവേശത്തിനും ധിക്കാരത്തിനും ഫലസ്തീന്‍ ജനതക്ക് നേരെയുള്ള മനുഷ്യാവകാശ നിഷേധത്തിനും പ്രോത്സാഹനം നല്‍കുകയാണ്. അധിനിവേശത്തിന് കീഴില്‍ ഞങ്ങളുടെ ജനത ജീവിക്കുന്ന കയ്പുറ്റ യാഥാര്‍ഥ്യത്തിന് മാറ്റം വരുത്താന്‍ ആഫ്രിക്കന്‍ യൂണിയന്റെയും രാഷ്ട്രങ്ങളുടെയും പിന്തുണ ഞങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. എന്നും അബ്ബാസ് വ്യക്തമാക്കി.
ഫലസ്തീന്‍ പ്രശ്‌നം നീതിയുക്തമായി പരിഹരിക്കല്‍ സമാധാനത്തിന്റെ താക്കോലാണ്. പ്രദേശത്തെ ഭീകരസംഘങ്ങളുടെ ന്യായങ്ങളെ ഇല്ലാതാക്കാന്‍ അത് സഹായിക്കും. പ്രദേശത്തിനും ഞങ്ങളുടെ ജനതയുടെ ഭാവിക്കും ലോകസമാധാനത്തിനും അത് ഗുണം ചെയ്യും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം സമാധാനത്തെ സംബന്ധിച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും അബ്ബാസ് സൂചിപ്പിച്ചു.

Related Articles