Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിന്റെ തലസ്ഥാനം ഖുദ്‌സല്ല; ചെക് അറ്റ്‌ലസുകള്‍ തിരുത്തുന്നു

പ്രാഗ്: ചെക് റിപബ്ലിക്കിലെ സ്‌കൂളുകളില്‍ ഇസ്രയേലിന്റെ തലസ്ഥാനമായി ഖുദ്‌സ് ഇനി അധികകാലം തുടരില്ല. ഖുദ്‌സിന് പകരം തെല്‍അവീവിനെ ഇസ്രയേലിന്റെ തലസ്ഥാനമായി രേഖപ്പെടുത്തി പുതിയ സ്‌കൂള്‍ അറ്റ്‌ലസുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ചെക് ഭരണകൂടം. ഖുദ്‌സിനെ ഇസ്രയേലിന്റെ തലസ്ഥാനമായി രേഖപ്പെടുത്തുന്ന പാഠ്യപദ്ധതിക്കെതിരെ ഫലസ്തീന്‍ എംബസിയുടെ സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണിത്. ഫലസ്തീനികളുടെ പ്രതിഷേധമാണ് തിരുത്തല്‍ ഉത്തരവിറക്കാന്‍ ചെക് വിദ്യാഭ്യാസ മന്ത്രിയെ പ്രേരിപ്പിച്ചത്. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ഇസ്രയേലുമായി ഏറ്റവുമധികം സൗഹൃദം പുലര്‍ത്തുന്ന രാഷ്ട്രമാണ് ചെക്ക് റിപബ്ലിക്ക്. ഇസ്രയേലുമായി ബന്ധപ്പെട്ട വിവരത്തില്‍ തിരുത്തല്‍ വരുത്താന്‍ അറ്റ്‌ലസുകള്‍ പുറത്തിറക്കുന്ന ഷോകാര്‍ട്ട് കമ്പനിയോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ചെക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തെ വിലമതിക്കുന്നതായി പ്രാഗിലെ ഫലസ്തീന്‍ അംബാസഡര്‍ ഖാലിദ് അല്‍അത്‌റശ് പറഞ്ഞു. ഫലസ്തീന്‍ വംശജരായ വിദ്യാര്‍ഥികളുടെ കുടുംബങ്ങളാണ് തങ്ങളുടെ മക്കളുടെ പാഠപുസ്തകങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള അറ്റ്‌ലസുകളില്‍ ഖുദ്‌സിനെ ഇസ്രയേലിന്റെ തലസ്ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തിയത്. അവരെ സംബന്ധിച്ചടത്തോളം ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണത്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ചെക് അംഗമായിട്ടുള്ള യൂറോപ്യന്‍ യൂണിയന്റെയും നിലപാടിന് നിരക്കാത്ത കാര്യമാണതെന്നും അല്‍അത്‌റശ് പറഞ്ഞു. അതിനെ തുടര്‍ന്ന് ഫലസ്തീന്‍ അംബാസഡര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ് ചെക് വിദ്യാഭ്യാസ മന്ത്രാലയം തിരുത്താന്‍ തയ്യാറാവുന്നത്.
ഖുദ്‌സ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്റെ നിലപാട് തന്നെയാണ് തങ്ങള്‍ക്കും ഉള്ളതെന്ന് ചെക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കിഴക്കന്‍ ഖുദ്‌സിനെ ഇസ്രയേലിന്റെ ഭാഗമായി തങ്ങള്‍ കാണുന്നില്ലെന്നും യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാഷ്ട്രങ്ങളെ പോലെ ഇസ്രയേലിന്റെയും ഫലസ്തീന്റെയും ഭാവി തലസ്ഥാനമായിട്ടാണ് അതിനെ കാണുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഐറിന വാലെന്റോവ പറഞ്ഞു.

Related Articles