Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേലിനെ വിമര്‍ശിച്ച് മനുഷ്യാവകാശ സമിതിയുടെ നാല് പ്രമേയങ്ങള്‍

ജനീവ: ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയുടെ ജനീവയില്‍ ചേര്‍ന്ന യോഗം ഇസ്രയേല്‍ അതിക്രമങ്ങളെ വിമര്‍ശിച്ചു കൊണ്ടുള്ള നാല് പ്രമേയങ്ങള്‍ അംഗീകരിച്ചു. കിഴക്കന്‍ ഖുദ്‌സ് അടക്കമുള്ള വെസ്റ്റ്ബാങ്കിലെ ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ സമിതി അപലപിച്ചു. അതിന്റെ പേരില്‍ ഇസ്രയേലിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയത്തെ 30 രാഷ്ട്രങ്ങള്‍ അനുകൂലിക്കുകയും രണ്ട് രാഷ്ട്രങ്ങള്‍ എതിര്‍ക്കുകയും ചെയ്തപ്പോള്‍ 15 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ജൂലാന്‍ കുന്നിലും വെസ്റ്റ്ബാങ്കിലും ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ എതിര്‍ക്കുന്ന പ്രമേയത്തെ 36 രാഷ്ട്രങ്ങള്‍ അനുകൂലിച്ചു. രണ്ട് രാഷ്ട്രങ്ങള്‍ അതിനെ എതിര്‍ക്കുകയും 9 രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഫലസ്തീനികളുടെ സ്വയംനിര്‍ണയാവകാശത്തെ പിന്തുണക്കുന്ന പ്രമേയമാണ് സമിതിയില്‍ ഏറ്റവും കൂടുതല്‍ അനുകൂല വോട്ടുകള്‍ നേടിയത്. പ്രസ്തുത പ്രമേയത്തെ 43 രാഷ്ട്രങ്ങള്‍ അനുകൂലിച്ചപ്പോള്‍ രണ്ട് രാഷ്ട്രങ്ങള്‍ എതിര്‍ക്കുകയും മറ്റ് രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
ഇസ്രയേലിനെ വിചാരണ ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയവും കുടിയേറ്റം സംബന്ധിച്ച പ്രമേയത്തിലെ വോട്ടെടുപ്പ് വിഷമകരമായിരുന്നുവെന്ന് ജനീവയിലെ അല്‍ജസീറ റിപോര്‍ട്ടര്‍ ആമിര്‍ ലാഫി പറയുന്നു. കുടിയേറ്റ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന്റെ തീവ്രത കുറക്കാന്‍ ഫലസ്തീനികളുടെ തോഴന്‍മാരെന്ന് അവകാശപ്പെടുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തന്നെ നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഈ പ്രമേയങ്ങള്‍ക്ക് ആജ്ഞാസ്വഭാവമില്ലെന്നും പ്രതീകാത്മകം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഫലസ്തീനികള്‍ക്ക് ഇതൊരു അനുകൂല ഘടകമായി മാറിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പല രാഷ്ട്രങ്ങളെയും സമീപിച്ച് ഈ പ്രമേയങ്ങളെ പരാജയപ്പെടുത്താന്‍ ഇസ്രയേലും അമേരിക്കയും ശ്രമിച്ചിരുന്നു. മനുഷ്യാവകാശ സമിതി ഇസ്രയേലിനെതിരായ പക്ഷപാതിത്വം കാണിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച്ചയില്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം ആരോപണം ഉയര്‍ത്തിയിരുന്നു. അതോടൊപ്പം തന്നെ നിലവിലെ അവസ്ഥയില്‍ സമിതിയില്‍ തുടരാനാവില്ലെന്ന് അമേരിക്ക വെല്ലുവിളിയും മുഴക്കിയിരുന്നു.

Related Articles