Current Date

Search
Close this search box.
Search
Close this search box.

ഇറോം ശര്‍മിളക്ക് മലയാളത്തിന്റെ വികാരനിര്‍ഭര സ്വീകരണം

കോഴിക്കോട്: 16 വര്‍ഷത്തെ സഹന സമരംകൊണ്ട് ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കപ്പെട്ട  മണിപ്പൂരിന്റെ നായിക ഇറോം ശര്‍മിളക്ക്  മലയാളത്തിന്റെ വികാരനിര്‍ഭര സ്വീകരണം.  കെ.പി. കേശവമേനോന്‍ ഹാളില്‍  തിങ്ങിനിറഞ്ഞ  സദസ്സിന് മുന്നില്‍  സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ലോകത്തിനായുള്ള തന്റെ സ്വപ്നങ്ങള്‍ അവര്‍  പങ്കുവെച്ചു. ആവേശഭരിതമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അവരെ എതിരേറ്റത്. മണിപ്പൂരിലെ അഫ്‌സ്പ നിയമം പിന്‍വലിക്കണെമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.  സമരനായികയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായത് അവിസ്മരണീയ  നിമിഷമെന്നാണ് സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടന പ്രതിനിധികളും വിശേഷിപ്പിച്ചത്.  സോളിഡാരിറ്റി യൂത്ത്  മൂവ്‌മെന്റാണ് പരിപാടി സംഘടിപ്പിച്ചത്. ഇറോം ശര്‍മിളക്ക് ലഭിച്ച 90 വോട്ട് ഇന്ത്യയില്‍ ജനാധിപത്യത്തിന് സംഭവിച്ച അപചയത്തിന്റെ  അടയാളവാക്യമായി മാറുമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ജയ് ജവാന്‍, ജയ് കിസാന്‍ എന്ന  മുദ്രാവാക്യത്തില്‍നിന്ന് ജവാന്‍ മാത്രമായി ഒതുങ്ങുന്നതിന്റെ അടയാളമാണ് മണിപ്പൂരില്‍ കണ്ടത്. പണവും കായികബലവും വിധി  നിര്‍ണയിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇറോം ശര്‍മിളക്ക് ലഭിച്ച 90 വോട്ട്തന്നെ അദ്ഭുതമാണെന്ന് മാധ്യമം മീഡിയവണ്‍ ഗ്രൂപ്  എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു.
എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ, അഫ്‌സ്പ നിയമം പിന്‍വലിക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍, സൈന്യത്തിന്റെ എതിര്‍പ്പ് കാരണമാണ് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.  കോഴിക്കോട് നഗരവും കേരളവും  എപ്പോഴും ഇറോം ശര്‍മിളക്ക് കൂടെയുണ്ടായിരുന്നുവെന്ന്  പി.കെ. പാറക്കടവ് പറഞ്ഞു. ജനാധിപത്യത്തിന് മുന്നിലല്ല, പണാധിപത്യത്തിന് മുന്നിലാണ് തങ്ങള്‍ തോറ്റതെന്ന് ഇറോം ശര്‍മിളയുടെ സഹപോരാളിയായ നജ്മ ബീവി പറഞ്ഞു.  എന്‍.പി. ചെക്കുട്ടി, കല്‍പറ്റ നാരായണന്‍, എന്‍.പി. രാജേന്ദ്രന്‍, കെ. അജിത, എ.പി. കുഞ്ഞാമു, ഗ്രോ വാസു,  സി.കെ. അബ്ദുല്‍ അസീസ്, ബഷീര്‍ മാടാല, കമാല്‍ വരദൂര്‍, കെ.പി. സല്‍വ, ഫസ്‌ന മിയാന്‍ എന്നിവര്‍ സംസാരിച്ചു.
 സോളിഡാരിറ്റി ജില്ല സെക്രട്ടറി അഷ്‌കര്‍ നന്ദി പറഞ്ഞു. ഇറോം ശര്‍മിളക്ക് കേരളത്തിന്റെ ആദരമായി ഒ. അബ്ദുറഹ്മാന്‍ പൊന്നാട അണിയിച്ചു. സോളിഡാരിറ്റിയുടെ ഉപഹാരം ചടങ്ങിന്റെ അധ്യക്ഷന്‍കൂടിയായ ടി. ശാക്കിര്‍ കൈമാറി. നജ്മ ബീവിക്കുള്ള ഉപഹാരം ഹമീദ് സാലിം സമ്മാനിച്ചു.  സോളിഡാരിറ്റി സംഘടിപ്പിച്ച പീപ്ള്‍സ് െ്രെടബ്യൂണലിന്റെ സപ്ലിമെന്റ് എന്‍.പി. ചെക്കുട്ടി പ്രകാശനം ചെയ്തു.

Related Articles