Current Date

Search
Close this search box.
Search
Close this search box.

ഇറാന് വേണ്ടി ചാരവൃത്തി; സൗദിയില്‍ 15 പേര്‍ക്ക് വധശിക്ഷ

റിയാദ്: ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ 15 പേര്‍ക്കെതിരെ സൗദി കോടതി വധശിക്ഷ വിധിച്ചു. ഇറാന്‍ ഇന്റലിജന്‍സ് ഘടകങ്ങളുമായി സഹകരിച്ച് ചാരപ്രവര്‍ത്തന സംഘമുണ്ടാക്കി എന്നതാണ് പ്രതികള്‍ക്കെതിരെയുള്ള പ്രധാന ആരോപണം. രാജ്യത്തിന്റെ ദേശീയ സുരക്ഷയെയും അതിന്റെ അഖണ്ഡതയെയും സായുധസേനയെയും ബാധിക്കുന്ന ഗുരുതരമായ അതീവ രഹസ്യങ്ങള്‍ കൈമാറി, പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടു, ഇന്റലിജന്‍സ് ഘടകങ്ങളുമായി സഹകരിച്ച് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായി ബന്ധമുള്ള ശക്തികളുമായി കൂടിക്കാഴ്ച്ച നടത്തി തുടങ്ങിയ ആരോപണങ്ങളും അവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
പത്ത് മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷം റിയാദിലെ പ്രത്യേക കോടതിയാണ് പ്രതിചേര്‍ക്കപ്പെട്ട 32 പേര്‍ക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതികളില്‍ 30 സൗദി പൗരന്‍മാരും ഒരു ഇറാനിയും ഒരു അഫ്ഗാനിയുമാണുള്ളത്. മക്ക, മദീന, റിയാദ്, സൗദിയുടെ കിഴക്ക് ഭാഗം എന്നീ നാല് പ്രദേശങ്ങളില്‍ നിന്നായി 2013 മാര്‍ച്ച് – മെയ് കാലയളവിലാണ് ഇവര്‍ പിടിയായത്. ആരോപണ വിധേയരായ രണ്ട് പേരുടെ മേലുള്ള കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം മറ്റു പ്രതികള്‍ക്ക് 6 മുതല്‍ 25 വര്‍ഷം വരെയുള്ള തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉയര്‍ന്ന തസ്തികളില്‍ ജോലി ചെയ്യുന്നവരാണ് പ്രതികളെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles