Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സുന്നികളെയും അനുവദിക്കണം: സുന്നീ നേതാവ്

തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനും പ്രസിഡന്റ് സ്ഥാനം സ്വീകരിക്കുന്നതിനും സുന്നികള്‍ക്കി വിലക്കേര്‍പ്പെടുത്തുന്ന ഭരണഘടനയുടെ വകുപ്പ് എടുത്തുമാറ്റണമെന്ന് ബലൂചിസ്താനിലെ (സിസ്താന്‍-ബലൂചിസ്താന്‍) സുന്നി ഇമാമും ഖതീബുമായ മൗലാനാ അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു. സുന്നികളെ രാഷ്ട്രീയ രംഗത്ത് നിന്നും അകറ്റി നിര്‍ത്തുന്നത് ഇറാന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയായിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ആവശ്യം ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. മെയ് 19നാണ് ഇറാനില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ഈ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
അവകാശങ്ങളുടെയും ബാധ്യതകളുടെയും കാര്യത്തില്‍ ഭരണകൂടം ശിയാ സുന്നീ വേര്‍തിരിവ് കാണിക്കരുതെന്നും ഇറാന്‍ ജനതയിലെ വലിയൊരു വിഭാഗത്തെ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന വകുപ്പ് ഇല്ലാതാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ സുന്നികള്‍ കടുത്ത വിവേചനത്തിന്റെ ഇരകളാണെന്നത് വിവിധ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ലോക മുസ്‌ലിം പണ്ഡിതവേദി വെബ്‌സൈറ്റ് സൂചിപ്പിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നയാള്‍ അഞ്ച് നിബന്ധനകള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഇറാന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നിയമത്തിലെ 35ാം വകുപ്പ് അനുശാസിക്കുന്നത്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വ്യക്തി ഇസ്‌ലാമിക് റിപബ്ലിക്കിലും അതിന്റെ ഔദ്യോഗിക മദ്ഹബിലും (ശിയാ മദ്ഹബ്) വിശ്വസിക്കുന്ന മതരാഷ്ട്രീയ വ്യക്തിത്വമായിരിക്കണം എന്നത് അതിലെ ഒരു വ്യവസ്ഥയാണെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles