Current Date

Search
Close this search box.
Search
Close this search box.

ഇറാന്റെ മിസൈല്‍ പരീക്ഷണം ഉടമ്പടിക്ക് നിരക്കാത്തത്: ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക്: ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഇറാനും വന്‍ശക്തികളും തമ്മിലുണ്ടാക്കിയ ആണവ ഉടമ്പടിക്ക് നിരക്കാത്തതാണെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. എന്നാല്‍ പ്രസ്തുത പരീക്ഷണങ്ങളിലൂടെ ഇറാന്‍ ഉടമ്പടി ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം യു.എന്‍ രക്ഷാസമിതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥ പ്രകാരം ആണവായുധം വഹിക്കാനായി രൂപകല്‍പന ചെയ്തിട്ടുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് ഇറാന്‍ എട്ടു വര്‍ഷത്തേക്ക് വിട്ടുനില്‍ക്കേണ്ടതുണ്ട്. ഉടമ്പടി രേഖകളില്‍ ഒതുങ്ങുകയാണെന്നും നടപ്പാക്കപ്പെടുന്നില്ലെന്നും അതിനെ എതിര്‍ക്കുന്നവര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ചൈന, റഷ്യ, അമേരിക്ക എന്നീ രാഷ്ട്രങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി മുതല്‍ ഇറാന് മേലുള്ള ഉപരോധങ്ങളുടെ വലിയൊരു ഭാഗം എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ചില വിലക്കുകള്‍ ഇപ്പോഴും ഇറാന് മേലുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ആണവ ഉടമ്പടിക്കും രക്ഷാസമിതി പ്രമേയത്തിനും നിരക്കാത്ത പ്രവര്‍ത്തനവും വെല്ലുവിളിയുമാണെന്ന് കാണിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക എന്നീ രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് അമേരിക്ക ആയുധങ്ങള്‍ കണ്ടെത്തിയതും ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്ന് ബാന്‍ കി മൂണ്‍് പറഞ്ഞു. പ്രസ്തുത ആയുധങ്ങള്‍ ഇറാനില്‍ നിന്നുള്ളതാണെന്നും അത് യമനിലേക്ക് അയക്കപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നതെന്നും അമേരിക്ക സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം ആയുധക്കടത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് ഇറാന്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles