Current Date

Search
Close this search box.
Search
Close this search box.

ഇരുപത്തൊന്നാമത് യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ മത്സരത്തിന് ഉജ്ജ്വല സമാപനം

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ഫോറവും വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ മത്സരം സമാപിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി ഖത്തറിലെ പത്ത് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 600-ഓളം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് പ്രസംഗം, കഥ പറയല്‍, പ്രബന്ധരചന, ഖുര്‍ആന്‍ പാരായണം, ക്വിസ്, ഖുര്‍ആന്‍ മന:പാഠം, ഗ്രൂപ്പ് ഡിസ്‌കഷന്‍ തുടങ്ങിയ ഇനങ്ങളിലായി പങ്കെടുത്തത്.
യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ ഫിറോസ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ കൂടിയാലോചന സമിതിയഗംങ്ങളായ ആര്‍.എസ് ജലീല്‍, സാജിദ് റഹ്മാന്‍, യൂത്ത്‌ഫോറം കേന്ദ്ര സമിതിയംഗങ്ങള്‍, സ്റ്റുഡന്റ്‌സ് ഇന്ത്യ പ്രസിഡണ്ട് സലീല്‍ അബ്ദുസ്സമദ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് 8 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറി.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ മത്സര വിജയികളെ പ്രഖ്യാപിക്കുകയും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. ഡി.ഐ.സി.ഐ.ഡി. ഡയറക്ടര്‍ ബോര്‍ഡംഗവും ഖത്തര്‍ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ ഡോ: മുഹമ്മദ് അലി അല്‍ ഗാമിദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വേദഗ്രന്ഥങ്ങളെയും മതമൂല്യങ്ങളെയും കുറിച്ച് ആഴത്തില്‍ പഠിച്ചും അവയെ കുറിച്ച് സ്‌നേഹ സംവാദങ്ങളും ആശയ വിനിമയങ്ങളും നടത്തി അതിന്റെ നന്മകള്‍ ഉള്‍ക്കൊള്ളണമെന്നും വിദ്യാര്‍ത്ഥികളും വിദ്യഭ്യാസ പ്രവര്‍ത്തകരും സമൂഹത്തിലെ നന്മയുടെ വെളിച്ചമാണെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വൈജ്ഞാനിക മുന്നേറ്റത്തിനുതകുന്ന ഇത്തരം സംരഭങ്ങള്‍ക്ക് ഡി.ഐ.സി.ഐ.ഡി.യുടെ എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്നും ഡോ: അല്‍ ഗാമിദി പറഞ്ഞു. യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ഫോറം പി.ആര്‍ സെക്രട്ടറി ജംഷീദ് ഇബ്രാഹീം സ്വാഗതവും ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ് കണ്‍വീനര്‍ നിയാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍
ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ഫോറവും വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തൊന്നാമത് ഇന്റര്‍ സ്‌കൂള്‍ കോംപറ്റീഷന്‍സില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ദോഹ മതാന്തര സംവാദ കേന്ദ്രത്തിന്റെ (ഡി.ഐ.സി.ഐ.ഡി) സഹകരണത്തോടെ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ഡിബേറ്റില്‍ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും ശാന്തിനികേതന്‍ രണ്ടാം സ്ഥാനവും ബിര്‍ള പബ്ലിക് സ്‌കൂള്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കാര്‍നെ മില്ലന്‍ യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി ഹിസ്റ്ററി വിഭാഗം തലവന്‍ ആരോണ്‍ ജേക്കബ്‌സണ്‍ മോഡറേറ്ററായിരുന്നു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. 2016 ലെ ന്യൂസ് എഡിറ്റര്‍ പുരസ്‌കാര ജേതാവായ അല്‍ജസീറയിലെ യൂസഫ് ഖാന്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡണ്ട് ഡോ: എം.പി. ഹസന്‍ കുഞ്ഞി, ഡി.ഐ.സി.ഐ.ഡി പ്രതിനിധി ഡോ: മഹ്മൂദ്, ആരോണ്‍ ജേക്കബ്‌സണ്‍, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡണ്ട് കെ.ടി. അബ്ദുറഹ്മാന്‍, യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ ഫിറോസ്, ജനറര്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, വൈസ് പ്രസിഡന്റുമാരായ ഷാനവാസ് ഖാലിദ്, സലീല്‍ ഇബ്രാഹീം, തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഖ്യാതിഥിയും ഡി.ഐ.സി.ഐ.ഡി. ഡയറക്ടര്‍ ബോര്‍ഡംഗവും ഖത്തര്‍ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ ഡോ: മുഹമ്മദ് അലി അല്‍ ഗാമിദി സംവാദ വിജയികള്‍ക്കുള്ള ഡി.ഐ.സി.ഐ.ഡി.യുടെ ഉപഹാരങ്ങളും ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികളും സമ്മാനിച്ചു.

Related Articles