Current Date

Search
Close this search box.
Search
Close this search box.

ഇന്‍തിഫാദ അധിനിവേശകരുമായുള്ള പോരാട്ടത്തിന് പുതിയ അടിത്തറ പാകി: ഹമാസ്

ഗസ്സ: വെസ്റ്റ്ബാങ്കിലും ഖുദ്‌സിലും 2015ല്‍ രൂപപ്പെട്ട ഖുദ്‌സിന് വേണ്ടിയുള്ള ഇന്‍തിഫാദ അധിനിവേശ ഇസ്രയേലുമായുള്ള പോരാട്ടത്തിന് പുതിയ അടിത്തറ പാകിയിട്ടുണ്ടെന്ന് ഹമാസ്. പുതുതലമുറയില്‍ നിന്നുള്ള വ്യക്തികള്‍ മുന്നോട്ടു വന്ന് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്രയേലുമായുള്ള പോരാട്ടത്തില്‍ സവിശേഷമായൊരു ഘട്ടത്തിനാണ് അത് തുടക്കം കുറിച്ചതെന്നും ഇന്‍തിഫാദയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തുവിട്ട പ്രസ്താവനയില്‍ സംഘടന വ്യക്തമാക്കി. ഫലസ്തീന്റെ വിമോചനത്തിനും അവകാശങ്ങളുടെ വീണ്ടെടുപ്പിനുമുള്ള ഇതര മാര്‍ഗങ്ങള്‍ക്കൊപ്പമുള്ള ഏറ്റവും ശക്തമായ സാധ്യത പ്രതിരോധമാണെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു.
ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുന്നതിലും അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിലും ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ദേശീയ ഐക്യവും അനുരഞ്ജനവും സുപ്രധാന കാല്‍വെപ്പാണ്. അധിനിവേശ ഭരണകൂടത്തിന്റെ ലക്ഷ്യങ്ങളുടെ മുന്‍ഗണാ പട്ടികയില്‍ പ്രഥമ സ്ഥാനം ഖുദ്‌സ് നഗരത്തിനാണ്. അതിനെ ജൂതവല്‍കരിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നു. അതുകൊണ്ടു തന്നെ അതിനെതിരെ നടക്കുന്ന സയണിസ്റ്റ് പദ്ധതികളെ ജാഗ്രതയോടെ കാണുകയും അതിനെതിരെ നിലകൊള്ളുകയും വേണം. എന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ഖുദ്‌സിന് വേണ്ടിയുള്ള ഇന്‍തിഫാദക്ക് തുടക്കം കുറിക്കപ്പെട്ട തിയ്യതി സംബന്ധിച്ച് ചില അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വെസ്റ്റ്ബാങ്കില്‍ രണ്ട് കുടിയേറ്റക്കാരെ കൊലപ്പെടുത്തി കൊണ്ട് രണ്ട് ഫലസ്തീനികള്‍ ആക്രമണം നടത്തിയ 2015 ഒക്ടോബര്‍ ഒന്നാണ് അതിന്റെ തുടക്കമായി ഒരു വിഭാഗം കണക്കാക്കുന്നത്. ഇതേ മാസം മൂന്നാം തിയ്യതി മുഹന്നദ് ഹലബിയെന്ന പത്തൊമ്പത്കാരന്‍ കത്തിയുപയോഗിച്ച് നടത്തിയ ആക്രമണത്തെയാണ് മറ്റു ചിലര്‍ ഇതിന്റെ തുടക്കമായി പരിഗണിക്കുന്നത്. ഖുദ്‌സ് നഗരത്തില്‍ ഹലബി നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. കുടിയേറ്റക്കാര്‍ നിരന്തരം മസ്ജിദുല്‍ അഖ്‌സ അങ്കണത്തില്‍ കടന്നു കയറ്റം നടത്തിയപ്പോള്‍ അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ഒറ്റപ്പെട്ട ആക്രമണങ്ങളുമായി ഫലസ്തീനികള്‍ തെരുവിലിറങ്ങിയത്.

Related Articles