Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബിലെ അവശേഷിക്കുന്ന ആശുപത്രികളും റഷ്യ തകര്‍ക്കുന്നു

ഇദ്‌ലിബ്: സിറിയയിലെ ഇദ്‌ലിബില്‍ അവശേഷിക്കുന്ന ഏതാനും ആശുപത്രികളും റഷ്യയുടെ നേതൃത്വത്തിലുള്ള സിറിയന്‍ സഖ്യസേന ബോംബിട്ട് നശിപ്പിക്കുന്നു. തീവ്ര പരിചരണ വിഭാഗത്തിന്റെ സൗകര്യങ്ങളുള്ള വളരെ കുറഞ്ഞ ആശുപത്രികളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തത്. തുടര്‍ച്ചയായുള്ള വ്യോമാക്രമണത്തിനൊടുവിലാണ് ഇദ്‌ലിബിലെ ഈ ആശുപത്രി തകര്‍ത്തത്.

സംഭവത്തില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രി ആക്രമിക്കുമെന്ന വിവരം മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന രോഗികളെ ഇദ്‌ലിബിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇദ്‌ലിബിലെ കഫ്‌റന്‍ബേലിലെ ബ്രിട്ടീഷ് എന്‍.ജി.ഒയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കു നേരെയാണ് തിങ്കളാഴ്ച വ്യോമാക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇദ്‌ലിബിലെ വടക്കന്‍ പ്രവിശ്യയില്‍ വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ റഷ്യയുടെ യുദ്ധവിമാനങ്ങള്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ആശുപത്രി തകര്‍ത്തത്. രണ്ടു ദിവസം മുന്‍പ് ഇവിടെ ഭീകരര്‍ റഷ്യന്‍ യുദ്ധവിമാനത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു.

ഐ.സി.യു,കാര്‍ഡിയോളജി,കാന്‍സര്‍ വാര്‍ഡ് തുടങ്ങി നിരവധി മാരക അസുഖങ്ങള്‍ക്ക് ചികിത്സ നല്‍കിയിരുന്ന ആശുപത്രിയാണ് തകര്‍ത്തത്. പ്രദേശത്ത് ഇത്തരം ആശുപത്രികള്‍ വളരെ കുറച്ചേ ഇനി അവശേഷിക്കുന്നുള്ളൂ. ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ ആശുപത്രിക്കു നേരെ നടക്കുന്ന ആക്രമണമാണിത്. ശേഷിക്കുന്ന ആശുപത്രികളും ബോംബിങ്ങിന്റെ ഭീഷണിയിലാണ്. ഇവ കൂടി നശിപ്പിച്ചാല്‍ എങ്ങോട്ടുപോകുമെന്നറിയാതെ ആശങ്കയിലാണ് രോഗികളും ഇദ്‌ലിബിലെ പ്രദേശവാസികളും.

 

Related Articles