Current Date

Search
Close this search box.
Search
Close this search box.

ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ സാധിക്കാത്തവരാണ് ഹാക്കിംഗിന് പിന്നില്‍: ഖറദാവി

ദോഹ: കൊട്ടാരം പണ്ഡിതന്‍മാരെയും അവരുടെ ഏജന്റുമാരെയും ഉപയോഗിച്ച് തെളിവുകളെ തെളിവുകള്‍ കൊണ്ടും ആശയങ്ങളെ പ്രമാണങ്ങളുടെ പിന്‍ബലത്തോടെയും നേരിടുന്നതില്‍ സ്വേച്ഛാധിപതികളും അവരുടെ കൂട്ടാളികളും പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് കൂലിപ്പടയാളികളെ ഉപയോഗിച്ച് വെബ്‌സൈറ്റിനും സോഷ്യല്‍മീഡിയ പേജുകള്‍ക്കും നേരെ ആക്രമണം നടത്തുന്നതെന്ന് തന്റെ വെബ്‌സൈറ്റ് ഹാക്ക്‌ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി വ്യക്തമാക്കി. വെബ്‌സൈറ്റിനും സോഷ്യല്‍ മീഡിയ പേജുകള്‍ക്കും നേരെയുള്ള നിരന്തര ആക്രമണങ്ങളെ അവ കൈകാര്യം ചെയ്യുന്ന തന്റെ ഓഫീസിലെ സാങ്കേതിക വിഭാഗം നിരീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
നേരത്തെ qaradawi.net എന്ന അഡ്രസിലുണ്ടായിരുന്ന വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സാഹചര്യത്തില്‍ www.al-qaradawi.net/new/Home/page എന്ന പുതിയ അഡ്രസ്സില്‍ സൈറ്റ് ലഭ്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലേക്കുള്ള ലിങ്കുകളും പ്രസ്താവനയില്‍ ചേര്‍ത്തിട്ടുണ്ട്. ”അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്കു എത്തിച്ചുകൊടുക്കുന്നവരാണവര്‍. അവര്‍ അല്ലാഹുവെ പേടിക്കുന്നു. അവനല്ലാത്ത ആരെയും പേടിക്കുന്നുമില്ല. കണക്കുനോക്കാന്‍ അല്ലാഹു തന്നെ മതി.” എന്ന ഖുര്‍ആന്‍ സൂക്തത്തോടെയാണ് ഖറദാവി തന്റെ പ്രസ്താവന അവസാനിപ്പിച്ചിട്ടുള്ളത്.

Related Articles