Current Date

Search
Close this search box.
Search
Close this search box.

ആവശ്യങ്ങള്‍ മയപ്പെടുത്തി ഖത്തറിനെ ഉപരോധിച്ച രാഷ്ട്രങ്ങള്‍

ദോഹ: ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം അവസാനിപ്പിക്കുന്നതിനും ബന്ധം പഴയ അവസ്ഥയില്‍ പുനസ്ഥാപിക്കുന്നതിനും ഉപരോധം ഏര്‍പ്പെടുത്തിയ നാല് രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച 13 ആവശ്യങ്ങളില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായതായി റിപോര്‍ട്ട്. അതിന് പകരമായി ആറ് അടിസ്ഥാന കാര്യങ്ങളാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് സൂചിപ്പിച്ചു. ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ജൂലൈ 18ന് പ്രസ്തുത രാജ്യങ്ങളിലെ നയതന്ത്ര പ്രിതിനിധികള്‍ നടത്തിയ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും റിപോര്‍ട്ട് വ്യക്തമാക്കി. ഖത്തറുമായുള്ള പ്രതിസന്ധി രമ്യമായി പരിഹരിക്കാനാണ് തങ്ങളുടെ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ പ്രതിനിധി അല്‍യാഅ് അഹ്മദ് ബിന്‍ സൈഫ് ആല്‍ഥാനി ഈ വിഷയത്തില്‍ പ്രതികരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാതിരിക്കുക, ഭീകരതക്കും തീവ്രവാദത്തിനുമെതിരെ പോരാടുക, ഭീകരസംഘങ്ങള്‍ക്ക് താവളം അനുവദിക്കാതിരിക്കുക, അക്രമത്തിനും വിദ്വേഷത്തിനുമുള്ള പ്രേരണകള്‍ തടയുക തുടങ്ങിയ കാര്യങ്ങളാണ് പുതുതായി മുന്നോട്ടുവെക്കപ്പെട്ട ആറ് അടിസ്ഥാനങ്ങളിലുള്ളതെന്നും റിപോര്‍ട്ട സൂചിപ്പിച്ചു. ഈ അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ സൗദി പ്രതിനിധി അബ്ദുല്ല ബിന്‍ യഹ്‌യ അല്‍മുഅല്ലിമി പറഞ്ഞു. ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങള്‍ ജൂലൈ 5ന് കെയ്‌റോയില്‍ വെച്ച് ഈ അടിസ്ഥാനങ്ങളില്‍ ധാരണയായിട്ടുണ്ടെന്നും അവ പാലിക്കല്‍ ഖത്തറിനെ സംബന്ധിച്ചടത്തോളം എളുപ്പമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ ഉന്നയിച്ച 13 ആവശ്യങ്ങളില്‍ ഏറെ വിവാദമായ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ആവശ്യത്തില്‍ നിന്നും രാജ്യങ്ങള്‍ പിന്നോട്ടടിച്ചിട്ടുണ്ട്. അടച്ചുപൂട്ടല്‍ അനിവാര്യമല്ലെന്നും എന്നാല്‍ വിദ്വേഷകരമായ പ്രസ്താവനകള്‍ക്ക് തടയിടണമെന്നും മുഅല്ലിമി ചൂണ്ടിക്കാട്ടി.

Related Articles