Current Date

Search
Close this search box.
Search
Close this search box.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം സ്വരൂപിക്കണം: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടത്തിന്റെ തല്ലിക്കൊല്ലലുകള്‍ക്ക് അറുതി വരുത്താന്‍ ഏറ്റവും ശക്തമായ മാര്‍ഗം അതിന്നെതിരെ ജനാധിപത്യ രാഷ്ട്രത്തില്‍ ഏറ്റവും വലിയ അധികാരമുള്ള ജനങ്ങളുടെ അഭിപ്രായം ഒരുകൂട്ടലാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് തുടര്‍ന്നു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ നീതിയും സമാധാനവും കാംക്ഷിക്കുന്ന ചില പൗരന്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണ്. വര്‍ഗീയതക്കെതിരെയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും അത്തരം വ്യക്തികള്‍ നടത്തുന്ന ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണക്കുന്നു. വ്യാപകമായ പൊതുജനാഭിപ്രായങ്ങളെ അവഗണിക്കാന്‍ സര്‍ക്കാറിനാവില്ല. ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുള്ള സംസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെ അതിന്ന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. സാമുദായിക സൗഹാര്‍ദം വളര്‍ത്തുന്നതിനായി പ്രസ്തുത സംസ്ഥാനങ്ങളിലെ വിവിധ മതസംഘടനകളുടെയും സാമൂഹിക കൂട്ടായ്മകളുടെയും നേതാക്കളുമായി ഞങ്ങള്‍ കൂടിക്കാഴ്ച്ച നടത്തും. ‘സദ്ഭാവനാ മഞ്ച്’ന്റെ രൂപീകരണവും ഇരകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനുള്ള നിയമവേദി സംവിധാനിക്കലും ഇതിന്റെ ഭാഗമായി നടക്കും. എന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ രംഗത്തെ നിലവിലെ സംഭവവികാസങ്ങളെ ഉത്കണ്ഠയോടെയാണ് ജമാഅത്തെ ഇസ്‌ലാമി നോക്കിക്കാണുന്നതെന്നും അത് രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് ക്ഷതമേല്‍പിക്കുകയും പണവും കയ്യൂക്കുമുള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ എത്തിക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി സലീം എഞ്ചിനീയര്‍ പറഞ്ഞു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിന് ബിഹാര്‍ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ മലക്കംമറിച്ചില്‍ തികഞ്ഞ അവസരവാദത്തിന്റെയും ജനാധിപത്യ മാനദണ്ഡങ്ങളോടും രാഷ്ട്രീയ വ്യവസ്ഥകളോടുമുള്ള അവഹേളനത്തിന്റെയും വ്യക്തമായ ഉദാഹരണമായി ചരിത്രത്തില്‍ ഇടംപിടിക്കും. ബിഹാറിലെ വോട്ടര്‍മാരാണ് ആര്‍.ജെ.ഡി – കോണ്‍ക്രസ് സഖ്യത്തെ അധികാരത്തില്‍ കൊണ്ടുവന്നത്. ഗൂഢമായ ഈ ബന്ധം ഏറ്റവും നീചമായ രാഷ്ട്രീയ വഞ്ചന മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിന്റെ അന്തസത്തയെ കാര്‍ന്നുതിന്നുന്ന ‘രാഷ്ട്രീയ അഴിമതി’ കൂടിയാണ്. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് ഈ സംഭവം തകര്‍ക്കുക. എന്ന് അദ്ദേഹം വിവരിച്ചു.

Related Articles