Current Date

Search
Close this search box.
Search
Close this search box.

ആറു വയസ്സുകാരിയുടെ കൊല: പാകിസ്താനില്‍ പ്രതിഷേധം ശക്തം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ കസൂര്‍ പട്ടണത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. പ്രതിയെ പിടികൂടുന്നതില്‍ പൊലിസ് നിസ്സംഗത കാണിക്കുന്നുവെന്നാരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയത്.

കസൂറില്‍ സമരം നടത്തിയവര്‍ക്കെതിരെ പൊലിസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതോടെ സര്‍ക്കാരിനും പൊലിസിനുമെതിരേ പ്രതിഷേധം വീണ്ടും കനത്തു.

രണ്ടു ദിവസം മുമ്പാണ് കസൂറില്‍ ആറു വയസ്സുകാരിയായ സൈനബിനെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നത്. നാലു ദിവസമായി കാണാതായ പെണ്‍കുട്ടി ക്രൂരമായി ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

വാര്‍ത്ത പുറത്തു വന്നതോടെയാണ് പാകിസ്താനിലെ വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വന്നത്. പ്രതിഷേധക്കാരെ പൊലിസ് കസ്റ്റഡിയിലെടുത്തതും സംഘര്‍ഷം വര്‍ധിക്കാനിടയായി. പൊലിസ് സ്റ്റേഷനു നേരെയും ആക്രമണമുണ്ടായി.  ലാഹോറിന്റെ കിഴക്കന്‍ നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ ജനങ്ങള്‍ പ്രധാന റോഡുകള്‍ ഉപരോധിച്ചു. ട്രാക്ടറുകളും വലിയ സിമന്റ് ബ്ലോക്കുകളുമുപയോഗിച്ചാണ് റോഡുകള്‍ ഉപരോധിച്ചത്. സൈനബിന്റെ നീതിക്കു വേണ്ടി എന്ന പേരില്‍ നടന്ന പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെതിരേയും മുദ്രാവാക്യമുയര്‍ന്നു.

ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചവറുകൂനക്കു സമീപത്തു നിന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും ഒരാള്‍ കൂട്ടികൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ബുധനാഴ്ച പുറത്തുവന്നിരുന്നു. കേസുമായില്‍ ബന്ധപ്പെട്ട്  227 പേരെ ചോദ്യം ചെയ്തതായി പൊലിസ് പറഞ്ഞു. മേഖലയില്‍ സമാനമായ 12 സംഭവങ്ങള്‍ നേരത്തെയും അരങ്ങേറിയിട്ടുണ്ട്.

 

Related Articles