Current Date

Search
Close this search box.
Search
Close this search box.

ആരോഗ്യ മന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം; ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന യോഗ പരിശിലന പരിപാടിയില്‍ ഒരു പ്രത്യേക മതത്തിന്റെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന മന്ത്രി ശ്രീമതി ശൈലജയുടെ നിലപാട് ധീരവും സ്വാഗതാര്‍ഹവുമാണെന്ന് ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. പ്രാചീനമായ ഒരു വ്യായാമ മുറയായ യോഗ എല്ലാ വിഭാഗമാളുകള്‍ക്കും പരിശീലിക്കാവുന്നതാണെന്ന വസ്തുത രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും യോഗാദിനത്തില്‍ വ്യക്തമാക്കിയിരിക്കെ ഈ വിഷയത്തില്‍ മറിച്ചുള്ള പ്രചാരങ്ങളൂം വിവാദങ്ങളും അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി യോഗ ചെയ്യുന്ന എത്രയോ മുസ്‌ലിം പണ്ഡിതന്‍മാരും സാധാരണക്കാരുമുണ്ട്. അതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ആരാധനയുടെ ഭാഗമായ പ്രാര്‍ത്ഥനകളും മന്ത്രങ്ങളും ശ്ലോകങ്ങളും അങ്ങിനെയല്ല. അവ ഓരോ മതത്തിന്റെയും സ്വകാര്യ സംഗതികളാണ്. അവ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് സാംസ്‌കാരിക അധിനിവേശവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും മത സ്വാതന്ത്ര്യവും ഈ സമീപനത്തെ അംഗീകരിക്കുന്നില്ല. സ്‌റ്റേറ്റിനു പ്രത്യേകിച്ചൊരു മതവുമില്ല, എന്നാല്‍ വ്യക്തികള്‍ക്ക് അവരുടെ താല്പര്യാനുസരണം മതമനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇതാണ് നമ്മുടെ രാജ്യം അംഗീകരിച്ച മതേതരത്വമെന്ന് അദ്ദേഹം പറഞ്ഞു. ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് നേതാക്കള്‍ നേരത്തെ തന്നെ യോഗയിലെ മന്ത്രങ്ങളും പ്രാര്‍ത്ഥനകളും സൂര്യ നമസ്‌കാരവുമൊന്നും മുസ്‌ലിംകളുടെ മേല്‍ നിര്‍ബന്ധിക്കരുതെന്ന് പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നതായി മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി

Related Articles