Current Date

Search
Close this search box.
Search
Close this search box.

ആരോഗ്യനില വഷളായിട്ടും മഹ്ദി ആകിഫ് ജയിലില്‍ തന്നെ

കെയ്‌റോ: ആരോഗ്യനില അങ്ങേയറ്റം വഷളായിട്ടും ഈജിപ്ത് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുന്‍ അധ്യക്ഷന്‍ മഹ്ദി ആകിഫ് ജയിലില്‍ തന്നെയാണുള്ളത്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യവകാശ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. നിരവധി രോഗങ്ങള്‍ കാരണം പ്രയാസപ്പെടുന്ന 88കാരണായ അദ്ദേഹം മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയിലാണുള്ളതെന്ന് ബ്രദര്‍ഹുഡ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ ഉറപ്പു നല്‍കുന്ന ആരോഗ്യ പരിചരണം അദ്ദേഹത്തിന് ലഭ്യമാക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പടിഞ്ഞാറന്‍ കെയ്‌റോയിലെ അല്‍ഖസ്‌റുല്‍ ഐനി ആശുപത്രിയിലേക്ക് സുരക്ഷാ വിഭാഗം അദ്ദേഹത്തെ മാറ്റിയതായി മകള്‍ അല്‍യാഅ് പത്ത് ദിവസം മുമ്പ് ട്വിറ്ററില്‍ അറിയിച്ചിരുന്നു. ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയതിന്റ കാരണം കുടുംബത്തിന് അറിയില്ലെന്നും ഉടന്‍ തന്നെ അദ്ദേഹത്തെ ജയിലേക്ക് മടക്കി കൊണ്ടു വന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യം അങ്ങേയറ്റം വഷളായിട്ടുണ്ടെന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതില്‍ നിന്ന് മനസ്സിലാക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇസ്മാഈല്‍ അബൂബറക പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ലേമാന്‍ ത്വര്‍റ ജയിലിലാണ് മഹ്ദി ആകിഫിനെ തടവിലിട്ടിരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡ് ഓഫീസുമായി ബന്ധപ്പെട്ട ഒരു കേസ് മാത്രമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. അതിലുള്ള ജീവപര്യന്തം ശിക്ഷ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് പുനര്‍വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.
അദ്ദേഹത്തെ സാവധാനമുള്ള കൊലക്ക് വിട്ടുകൊടുക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ ഇസ്സത്ത് ഗനീം മുന്നറിയിപ്പ് നല്‍കി. മുബാറകിന്റെയും അദ്ദേഹത്തിന്റെയും കാര്യത്തില്‍ ഇരട്ടത്താപ്പാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന് മതിയായ ചികിത്സ നല്‍കുകയും ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ച് ഉടന്‍ മോചിപ്പിക്കുകയും ചെയ്യണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. എന്നാല്‍ അന്തിമമായ വിധി പോലും വന്നിട്ടില്ലാത്ത ഒരാളെ തടവിലിട്ട് ശിക്ഷിക്കുകയാണ് ഈജിപ്ത് ഭരണകൂടം.

Related Articles