Current Date

Search
Close this search box.
Search
Close this search box.

ആഫ്രിക്കന്‍ വംശജര്‍ക്ക്‌ അഭയം നല്‍കിയ ഫ്രഞ്ച് കര്‍ഷകനെതിരെ കേസ്

നീസ്: ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലേക്ക് കടക്കാന്‍ സഹായം ചെയ്യുകയും, അവര്‍ക്ക് അഭയം നല്‍കുകയും ചെയ്ത കര്‍ഷകനെതിരെ ഫ്രാന്‍സ് കേസെടുത്തു. യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് സഹായം ചെയ്തു കൊടുത്തതിന്റെ പേരിലാണ് സെഡ്‌റിക് ഹെറൂവിനെ കോടതിയില്‍ ഹാജറാക്കിയത്. ‘ഫ്രാന്‍സിലേക്ക് രേഖകളില്ലാതെ കടക്കാന്‍ ശ്രമിച്ച വിദേശികളെ സഹായിക്കുകയും, അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തു’ എന്നാണ് 37 വയസ്സുകാരനായ ഹെറൂവിനെതിരെയുള്ള കേസ്. ഫ്രാന്‍സില്‍ അഞ്ച് വര്‍ഷം വരെ തടവും 30000 യൂറോ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഫ്രാന്‍സ്-ഇറ്റലി അതിര്‍ത്തിക്കടുത്താണ് ഹെറൂവിന്റെ ഒലീവ് തോട്ടം സ്ഥിതി ചെയ്യുന്നത്. ഈ വഴിയാണ് അഭയാര്‍ത്ഥികള്‍ അതിര്‍ത്തി കടന്നെത്താറുള്ളത്.
‘മനുഷ്യരെ സഹായിക്കുന്നതിന് നിങ്ങള്‍ക്ക് നിയമം ലംഘിക്കേണ്ടി വരുമെങ്കില്‍, നിയമം ലംഘിക്കുക!’ നീസ് കോടതിക്ക് മുന്നില്‍ തടിച്ച് കൂടിയ 300-ഓളം വരുന്ന തന്നെ പിന്തുണക്കുന്നവരോടായി അദ്ദേഹം പറഞ്ഞു. ‘ആളുകളെ കറുത്തവരെന്നും വെളുത്തവരെന്നും, രേഖകള്‍ ഉള്ളവരെന്നും, ഇല്ലാത്തവരെന്നും വേര്‍തിരിക്കുന്നത് എന്റെ പണിയല്ല. എന്റെ പണി കൃഷിയാണ്. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് എന്റെ ജോലി. ഞാനതാണ് ചെയ്തു കൊണ്ടിരിക്കുന്നത്.’ ഹെറു കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളും കുട്ടികളുമടക്കമുളള നൂറ് കണക്കിന് അഭയാര്‍ത്ഥികള്‍ക്കാണ് തന്റെ തോട്ടത്തിലും മറ്റുമായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ ഹെറൂ അഭയം നല്‍കിയത്. സെഡറിക് ഹെറു ജയിലിലടക്കപ്പെട്ടാല്‍ സത്യവും, നീതിയും, അന്തസ്സും ജയിലിലടക്കപ്പെട്ടു എന്നാണ് ഹെറുവിനെ പിന്തുണക്കുന്ന ഒരാള്‍ പറഞ്ഞത്.
ഫെബ്രുവരി 10-ന് കേസില്‍ വിധിപുറപ്പെടുവിക്കുമെന്നാണ് കരുതുന്നതെന്ന് ഹെറുവിന്റെ വക്കീല്‍ സിയാ ഒലൂമി പറഞ്ഞു. ഡിസംബറില്‍ ഇതേ കുറ്റത്തിന്റെ പേരില്‍ 73 വയസ്സുകാരനായ ഒരു അക്കാദമിക്കിനെതിരെ 1500 യൂറോ പിഴ ചുമത്തപ്പെട്ടിരുന്നു.

Related Articles