Current Date

Search
Close this search box.
Search
Close this search box.

ആത്മീയ കര്‍മ്മശാസ്ത്ര രംഗത്തെ തീവ്രനിലപാടുകള്‍ സാമൂഹിക വിപത്ത്‌

ഫഹാഹീല്‍: അതിരുകടന്ന ആത്മീയതയും കര്‍മ്മശാസ്ത്ര രംഗത്തെ തീവ്രനിലപാടുകളും ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുകയാണെന്നും മതത്തെ വികലമാക്കുന്നവര്‍ക്കെതിരെ യഥാര്‍ത്ഥ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും കെ.ഐ.ജി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ‘മത തീവ്രതക്കും ഭീകരതക്കുമെതിരെ’ എന്ന തലക്കെട്ടില്‍ കെ.ഐ.ജി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ ഭാഗമായി ഫഹഹീല്‍ ഏരിയയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
അനുഷ്ടാന കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് എളുപ്പമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നു വിശുദ്ധ വേദഗ്രന്ഥം നേരിട്ട് ആഹ്വാനം ചെയ്തിട്ടും വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തില്‍ ആരാധനാകാര്യങ്ങളില്‍ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രമാണങ്ങളെ കേവലം അക്ഷരവായനയില്‍ മാത്രം പരിഗണിക്കാതെ അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് ജീവിതത്തില്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും  ‘കര്‍മശാസ്ത്ര തീവ്രത’ എ വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിച്ച കെ.ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി പറഞ്ഞു .കര്‍മശാസ്ത്ര ഭിന്നതകള്‍ നിലനില്‍ക്കെ തന്നെ പരസ്പര ബഹുമാനത്തോടെയും വിട്ടുവീഴ്ചയോടെയും ജീവിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ജീര്‍ണത്തയിലേക്കും തീവ്രതയിലേക്കും വീണു പോകാതെ  സന്തുലിതമായ നിലപാടാണ് വിശ്വാസികള്‍ സ്വീകരിക്കേണ്ടതെന്നും പ്രകൃതി മതമായ ഇസ്‌ലാമിനെ സുന്ദരവും ലളിതവുമായി ജീവിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പ്രവാചകന്‍മാരുടെയും  അനുചരന്മാരുടെയും ചരിത്രത്തില്‍ നിന്നും വീക്ഷിക്കാന്‍ സാധിക്കുകയെന്നും ‘ആത്മീയ തീവ്രത’ എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിച്ച കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ പറഞ്ഞു. ആത്മീയനുഭൂതി തേടി കാടുകളിലേക്കും വിജനദേശങ്ങളിലേക്കും ചേക്കേറുന്ന രീതി ഇസ്‌ലാം പഠിപ്പിക്കുന്നില്ല. വിവിധ സാമൂഹിക  സാഹചര്യങ്ങളെ  അഭിമുഖീകരിക്കുകയും ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുകയുമാണ് യഥാര്‍ത്ഥ വിശാസിയുടെ ബാധ്യതയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി .
ദൈവം കനിഞ്ഞേകിയ ജന്മ വാസനകളെ ക്രിയാതമകമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അനുവദനീയമായ ആസ്വാദനങ്ങള്‍ ഇസ്‌ലാം ഒരിക്കലും വിലക്കിയിട്ടില്ലെന്നും ‘കല, സംഗീതം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയ കെ.ഐ.ജി ഈസ്റ്റ് മേഖലാ എക്‌സിക്കൂട്ടീവ് അംഗം ഹസനുല്‍ ബന്ന പറഞ്ഞു. കലക്കും സംഗീതത്തിനും വിലക്കുകള്‍ അടിച്ചേല്‍പ്പിക്കുയും ഒടുവില്‍ അത് ജീവിതത്തില്‍ പകര്‍ത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്നതിനും സമകാലിക അനുഭവങ്ങള്‍ സാക്ഷ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.  
സദസ്യരുടെ ചോദ്യങ്ങള്‍ക്ക് പ്രാസംഗികര്‍ മറുപടി നല്‍കി. ഫഹാഹീല്‍ യൂനിറ്റി സെന്റെറില്‍ സംഘടിപ്പിച്ച സെമിനാറില്‍ കെ.ഐ.ജി ഫഹാഹീല്‍ ഏരിയ പ്രസിഡന്റ് റഫീഖ് ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നൗഫല്‍ കെ.പി സ്വാഗതവും  പ്രോഗ്രാം കണ്‍വീനര്‍ യൂനുസ് കാനോത്ത് നന്ദിയും പറഞ്ഞു. അബ്ദുശുക്കൂര്‍  ഖിറാഅത്ത് നടത്തി.

Related Articles