Current Date

Search
Close this search box.
Search
Close this search box.

ആണവ കരാറില്‍ നിന്നും പിന്മാറിയാല്‍ പ്രത്യാഘാതം ഗുരുതരം: ട്രംപിനോട് ഇറാന്‍

തെഹ്‌റാന്‍: 2015ലുണ്ടാക്കിയ ആണവ കരാറില്‍ തുടരണമെന്നും കരാറില്‍ നിന്നും പിന്മാറിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അമേരിക്കക്ക് ഇറാന്റെ ഭീഷണി. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് ട്രംപിനു നേരെ പരസ്യമായ ഭീഷണിയുയര്‍ത്തിയത്. ‘ഇറാനും ആറു ലോകരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ വ്യവ്‌സഥ പാലിക്കാന്‍ യു.എസ് തയാറായില്ലെങ്കില്‍ ഇറാന്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കും’. ടെലിവിഷനിലൂടെയാണ് റൂഹാനി ഇക്കാര്യം അറിയിച്ചത്.
 
കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ട്രംപ് മെയ് 12 വരെ സമയം അനുവദിച്ചിരുന്നു. ഈ കാലയളവില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.
കരാര്‍ അമേരിക്ക ഏകപക്ഷീയമായി റദ്ദാക്കുന്ന പക്ഷം, 2015ല്‍ നിര്‍ത്തിവച്ച ആണവായുധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിശക്തമായി തുടരുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപ് കരാര്‍ അംഗീകരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും ഇറാന്‍ പറഞ്ഞു. നേരത്തേയുണ്ടാക്കിയ കരാറില്‍ യാതൊരു മാറ്റം വരുത്താനും ഇറാന്‍ തയാറല്ലെന്നും അറിയിച്ചിട്ടുണ്ട്.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി ചേര്‍ന്നുണ്ടാക്കിയ കരാറിനെ തുടക്കം മുതലേ ട്രംപ് ശക്തമായി വിമര്‍ശിച്ചിരുന്നു. അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും മേശമായ കരാറാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ പ്രസിഡന്റായാല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്നും പറഞ്ഞിരുന്നു.
അമേരിക്ക കരാറില്‍ നിന്നും പിന്മാറരുതെന്നാവശ്യപ്പെട്ട് ഫ്രാന്‍സ് അടക്കമുള്ള ലോകരാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. ഇതൊഴിവാക്കിയാല്‍ മറ്റൊരു പ്ലാന്‍ ഇല്ലെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്.

 

Related Articles