Current Date

Search
Close this search box.
Search
Close this search box.

ആണവകരാറില്‍ നിന്നുള്ള പിന്മാറ്റം: ട്രംപിനെതിരെ വ്യാപക വിമര്‍ശനം

വാഷിങ്ടണ്‍: ഇറാനുമായുള്ള ആണവകരാറില്‍ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെ ട്രംപിന് ലോകരാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും ശക്തമായ വിമര്‍ശനം. യൂറോപ്യന്‍ യൂണിയനിലെ സഖ്യകക്ഷികളുടെ വ്യാപക എതിര്‍പ്പുകള്‍ മറികടന്നാണ് ട്രംപ് പൊടുന്നനെ തീരുമാനമെടുത്തത്. ഇറാനെതിരെയുള്ള ഉപരോധം പഴയ രീതിയില്‍ തുടരുമെന്നും ഇറാനെതിരെ കൂടുതല്‍ സാമ്പത്തിക നടപടികള്‍ കൈകൊള്ളുമെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

ട്രംപിന്റെ തീരുമാനം തെറ്റായിപ്പോയെന്നാണ് മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പ്രതികരിച്ചത്. സംയുക്ത സമഗ്ര കര്‍മ പദ്ധതി കരാറില്‍ ഇറാന്‍ യാതൊരു ലംഘനവും നടത്താത്ത സ്ഥിതിക്ക് ട്രംപിന്റെ തീരുമാനം ഗുരുതര വീഴ്ചയാണെന്നും ഒബാമ പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കയുടെ പിന്മാറ്റം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ആണവ കരാര്‍ ലംഘിക്കുന്ന ഏതൊരു തീരുമാനത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ട്രംപിന്റെ നടപടി അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ജോര്‍ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ അല്‍ സഫാദി മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ എത്രയും പെട്ടെന്ന് രാഷ്ട്രീയ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.
2015ലാണ് ഇറാന്റെ നേതൃത്വത്തില്‍ യു.എസ്,റഷ്യ,ഫ്രാന്‍സ്,യു.കെ,ജര്‍മനി,ചൈന,യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായി ആണവ കരാറിലേര്‍പ്പെട്ടത്. ഇതില്‍ നിന്നും പിന്മാറുമെന്ന് ട്രംപ് അധികാരത്തില്‍ എത്തിയ സമയത്തു തന്നെ പ്രഖ്യാപിച്ചിരുന്നു.

 

Related Articles