Current Date

Search
Close this search box.
Search
Close this search box.

അഹദ് തമീമി ചോദ്യം ചെയ്യലിനിടെ പീഡനത്തിനിരയാവുന്നതായി ബന്ധുക്കള്‍

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്ത ഫലസ്തീനിലെ ആക്റ്റിവിസ്റ്റായ 17ഉകാരി അഹദ് തമീമി ചോദ്യം ചെയ്യലിനിടെ വാക്കാലുള്ള പീഡനത്തിനിരയാവുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച റാമല്ലയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് തമീമിയുടെ മാതാപിതാക്കള്‍ ഇക്കാര്യം ആരോപിച്ചത്. ആരോപണങ്ങള്‍ തെളിയിക്കുന്ന വീഡിയോയും അവര്‍ പുറത്തുവിട്ടു.

ഇസ്രായേലിലെ ഷാര്‍ ബിന്‍യാമിന്‍ തടവു കേന്ദ്രത്തില്‍ വച്ചു ചോദ്യം ചെയ്യുന്നതിനിടെയാണ് തമീമിയെ മാനസിക പീഡനത്തിനിരയാക്കുന്നത്. രണ്ടു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിന്നും ഒരു ഭാഗമാണ് ഇതിന് തെളിവായി ഉദ്ധരിച്ചത്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരാണ് ഭീഷണിപ്പെടുത്തിയും വാക്കുകള്‍ കൊണ്ടും ചോദ്യം ചെയ്യലിനിടെ തമീമിയെ പീഡിപ്പിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിച്ചെന്നാരോപിച്ച് 2017 ഡിസംബറിലാണ് തമീമിയെ പൊലിസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് തമീമിയെ കോടതി എട്ടു മാസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇതിനോടകം നാലു മാസം ജയില്‍ ശിക്ഷ അനുഭവിച്ച അവര്‍ ഇനി നാലു മാസം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. 1500 ഡോളര്‍ പിഴയും ഈടാക്കിയിരുന്നു. ‘തനിക്ക് നീതി ലഭിച്ചില്ലെന്നും, അധിനിവേശത്തിന് കീഴില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ഈ കോടതി നിയമവിരുദ്ധമാണെന്നും’ തമീമി കുറ്റപ്പെടുത്തിയിരുന്നു.

ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിക്കുന്ന തമീമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
റബ്ബര്‍ ബുള്ളറ്റ് കൊണ്ട് തന്റെ സഹോദരന്റെ തലക്കു വെടിവച്ച ഇസ്രായേല്‍ സൈന്യത്തിനെതിരേ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു തമീമി പട്ടാളക്കാരന്റെ മുഖത്തടിച്ചത്. സൈന്യത്തിനു നേരെ കൈയേറ്റശ്രമം,കല്ലെറിയാന്‍ പ്രേരിപ്പിക്കുക,കൈയേറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക,അതിന് പ്രേരണ നല്‍കുക തുടങ്ങിയ 14ഓളം കുറ്റങ്ങളാണ് പൊലിസ് തമീമിക്കെതിരെ ചുമത്തിയത്.

 

 

Related Articles