Current Date

Search
Close this search box.
Search
Close this search box.

അഹദ് തമീമിയെ എട്ടു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു

ജറൂസലം: ഇസ്രായേല്‍ പൊലിസ് അറസ്റ്റു ചെയ്ത് 16ഉകാരിയായ ഫലസ്തീന്‍ ആക്റ്റിവിസ്റ്റ് അഹദ് തമീമിയെ കോടതി എട്ടു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന വിചാരണക്കൊടുവിലാണ് ഹരജി പരിഗണക്കവെ ഇസ്രായേല്‍ സൈനിക കോടതി ശിക്ഷ വിധിച്ചത്. തമീമിക്കെതിരെ നാലു കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും തമീമി കുറ്റക്കാരിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് തടവുശിക്ഷക്ക് വിധിച്ചതെന്നും ഇസ്രായേല്‍ പത്രം ‘ഹാരെറ്റ്‌സ’് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച ഇസ്രായേലിലെ ഓഫര്‍ കോടതിയിലെ അടച്ചിട്ട മുറിയിലാണ് വാദം കേട്ടത്. ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിച്ചെന്നാരോപിച്ച് 2017 ഡിസംബറിലാണ് തമീമിയെ പൊലിസ് അറസ്റ്റു ചെയ്യുന്നത്. ഇതുവരെ ഇസ്രായേല്‍ ജയിലില്‍ തടവിലായിരുന്നു അവര്‍. ലോകശ്രദ്ധ നേടിയ കേസ് ഇതോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഇതിനോടകം മൂന്നു മാസം ജയില്‍ ശിക്ഷ അനുഭവിച്ച അവര്‍ ഇനി അഞ്ചു മാസം ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. 1500 ഡോളര്‍ പിഴയും ഈടാക്കിയിരുന്നു. ‘തനിക്ക് നീതി ലഭിച്ചില്ലെന്നും, അധിനിവേശത്തിന് കീഴില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും ഈ കോടതി നിയമവിരുദ്ധമാണെന്നും’ തമീമി കുറ്റപ്പെടുത്തി.

2017 ഡിസംബറിലാണ് തമീമിയെയും മാതാവ് നാരിമനെയും ബന്ധുവായ നൗറിനെയും ഇസ്രായേല്‍ സൈന്യം അറസ്റ്റു ചെയ്തത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഗ്രാമമായ നബിസാലിഹിലെ ഇവരുടെ വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറിയാണ് സൈന്യം മൂവരെയും അറസ്റ്റു ചെയ്തത്.

ഇസ്രായേല്‍ സൈന്യത്തിന്റെ മുഖത്തടിക്കുന്ന തമീമിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
റബ്ബര്‍ ബുള്ളറ്റ് കൊണ്ട് തന്റെ സഹോദരന്റെ തലക്കു വെടിവച്ച ഇസ്രായേല്‍ സൈന്യത്തിനെതിരേ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു തമീമി പട്ടാളക്കാരന്റെ മുഖത്തടിച്ചത്. സൈന്യത്തിനു നേരെ കൈയേറ്റശ്രമം,കല്ലെറിയാന്‍ പ്രേരിപ്പിക്കുക,കൈയേറ്റത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക,അതിന് പ്രേരണ നല്‍കുക തുടങ്ങിയ 14ഓളം കുറ്റങ്ങളാണ് പൊലിസ് തമീമിക്കെതിരെ ചുമത്തിയത്.

സൈന്യത്തിന്റെ കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു, സൈന്യത്തിനു നേരെ കൈയേറ്റത്തിനു ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് നൗറക്കെതിരേ ചുമത്തിയിരുന്നത്. നൗറക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അഹദിന്റെ തടങ്കല്‍ നീട്ടുകയും ജാമ്യം നിഷേധിക്കുകയുമാണ് ചെയ്തത്. കഴിഞ്ഞ ജനുവരി 31ന് തമീമിക്ക് 17 വയസ്സ് പൂര്‍ത്തിയായി. അറസ്റ്റിനെതിരെ അമേരിക്ക,ബ്രിട്ടന്‍,പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം വ്യാപക പ്രതിഷേധങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നു വന്നിരുന്നു.

Related Articles