Current Date

Search
Close this search box.
Search
Close this search box.

അസ്താന ഉടമ്പടി അസദ് സ്ഥാനമൊഴിയുന്നതിന് പകരമാവില്ല: ഖത്തര്‍

വാഷിംഗ്ടണ്‍: അസ്താന ഉടമ്പടി ക്രിയാത്മകമായ ഒരു കാല്‍വെപ്പാണെന്നും എന്നാല്‍ ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തികൊണ്ടുള്ള സിറിയയിലെ രാഷ്ട്രീയ മാറ്റത്തിന് അത് പകരമാവില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി വ്യക്തമാക്കി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണനുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം അല്‍ജസീറ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷം ലഘുകരിക്കുന്നതിനുള്ള മേഖലകള്‍ ഉണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നീക്കങ്ങളുണ്ടാവേണ്ടത് അനിവാര്യമാണ്. പരിഹാരം വൈകിപ്പിക്കുന്നതിനും രാഷ്ട്രീയമാറ്റം വൈകിപ്പിക്കുന്നതിനും അതൊരു കാരണമായി സ്വീകരിച്ചു കൂടാ. എന്ന് അദ്ദേഹം വിശദമാക്കി.
ഖത്തറിനും അമേരിക്കക്കും ഇടയില്‍ വളരെയേറെ സഹകരണമുണ്ടെന്നും സിറിയന്‍ വിഷയം അതില്‍ സവിശേഷമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭീകരവിരുദ്ധ പോരാട്ടം അമേരിക്കയുമായി ചര്‍ച്ച ചെയ്യുന്ന സുപ്രധാന വിഷയങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അസ്താന ചര്‍ച്ചയുടെ നാലാം ഘട്ടത്തിന് മേല്‍നോട്ടം വഹിച്ച രാഷ്ട്രങ്ങള്‍ (തുര്‍ക്കി, റഷ്യ, ഇറാന്‍) ആറ് മാസത്തേക്ക് നാല് സുരക്ഷാ സോണുകള്‍ പ്രഖ്യാപിച്ച് സംഘര്‍ഷം ലഘുകരിക്കുന്നതിനുള്ള ഉടമ്പടയില്‍ മെയ് നാലിന് ഒപ്പുവെച്ചിരുന്നു.

Related Articles