Current Date

Search
Close this search box.
Search
Close this search box.

അസദ് താല്‍ക്കാലിക ഭരണകൂടത്തിന്റെ പ്രസിഡന്റാവുന്നത് സൗദി അംഗീകരിക്കുമെന്ന് റിപോര്‍ട്ട്

ലണ്ടന്‍: താല്‍ക്കാലിക സിറിയന്‍ ഭരണകൂടത്തിന്റെ പ്രസിഡന്റായി ബശ്ശാറുല്‍ അസദിനെ നിലനിര്‍ത്തുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് തന്റെ മോസ്‌കോ സന്ദര്‍ശന വേളയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെ അറിയിച്ചതായി ദമസ്‌കസിലെ റഷ്യന്‍ എംബസി വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ഖുദ്‌സ് പത്രം റിപോര്‍ട്ട് ചെയ്യുന്നു. തെഹ്‌റാന്‍ – ദമസ്‌കസ് ബന്ധത്തിന്റെ ഗാഢത കുറക്കുന്നതിനും സിറിയയിലും ലബനാനിലും ഇറാന്റെ സ്വാധീനം കുറക്കുന്നതിനും സഹായിക്കുന്നതിന് പകരമായി അസദിനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് തന്നെയുള്ള രാഷ്ട്രീയ നീക്കത്തെ പിന്തുണക്കാനുള്ള സന്നദ്ധതയാണ് സല്‍മാന്‍ രാജാവ് അറിയിച്ചതെന്നും പത്രം വ്യക്തമാക്കുന്നു.
ദമസ്‌കസിനും തെഹ്‌റാനുമിടയിലെ ബന്ധത്തിന്റെ കാര്യത്തില്‍ ഒരു തരം നിഷ്പക്ഷതയാണ് പുടിന്‍ പ്രകടിപ്പിച്ചതെന്നും അല്‍ഖുദ്‌സുല്‍ അറബി റിപോര്‍ട്ട് സൂചിപ്പിച്ചു. അത്തരം ഒരു ബന്ധത്തെ നശിപ്പിക്കാന്‍ മോസ്‌കോ ഒരുമ്പെടില്ലെന്നും എന്നാല്‍ പ്രദേശത്തിന്റെ വിഷയങ്ങളില്‍ കൂടുതല്‍ ക്രിയാത്മകമായ സ്വാധീനം ചെലുത്താന്‍ സഹായകരമായി പ്രസ്തുത ബന്ധത്തെ മാറ്റുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗദിയുടെ നിലപാട് വളരെ വ്യക്തമാണെന്നും അസ്താന ഉടമ്പടികള്‍ക്കും നയതന്ത്ര പരിഹാരത്തിനും ഒപ്പമാണ് അവരുള്ളതെന്നും സിറിയന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കുയും അസദിനെ രാജിവെപ്പിക്കുകയും ചെയ്യണമെന്ന നിലപാടില്‍ നിന്നവര്‍ പിന്നോട്ടടിച്ചിട്ടുണ്ടെന്നും ലബനാനിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ സാസൈപ്കിന്‍ നേരത്തെ പറഞ്ഞിരുന്നു. സൗദിയുടെ ഏക പ്രശ്‌നം ഇറാനാണെന്നും സിറിയയില്‍ നിന്ന് ഇറാനെ പുറത്താക്കണമെന്ന ആവശ്യമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Related Articles