Current Date

Search
Close this search box.
Search
Close this search box.

അസദിനെ നിലനിര്‍ത്തി സിറിയയില്‍ സമാധാനം സാധ്യമല്ല: വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: ഇദ്‌ലിബിലെ ഖാന്‍ ശൈഖൂനില്‍ സിറിയന്‍ ഭരണകൂടം രാസായുധം ഉപയോഗിച്ചിട്ടുണ്ടെന്ന് തറപ്പിച്ച് പറഞ്ഞു കൊണ്ട് അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് സിറിയയില്‍ രാഷ്ട്രീയ ഭാവി ഇല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഖാന്‍ ശൈഖൂനില്‍ രാസായുധം ഉപയോഗിക്കാന്‍ തീരുമാനമെടുത്തതും കഴിഞ്ഞ ആഴ്ച്ച അത് നടപ്പാക്കിയതും അസദ് ഭരണകൂടമാണെന്നതില്‍ ഒരു സംശയവുമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു. ഇനിയും സിറിയന്‍ ഭരണകൂടം രാസായുധം ഉപയോഗിച്ചാല്‍ അതിന് ഭാരിച്ച വിലയൊടുക്കേണ്ടി വരുമെന്നും പ്രതിരോധ മന്ത്രാലയം ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഖാന്‍ ശൈഖൂനിലെ രാസായുധാക്രമണത്തിന് പിന്നില്‍ സിറിയന്‍ ഭരണകൂടമല്ലെന്ന റഷ്യയുടെ വാദം പൊള്ളയാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ അമേരിക്കക്ക് ലഭിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ട ഖാന്‍ ശൈഖൂനിലെ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സിറിയന്‍ ഭരണകൂടത്തിനാണെന്ന് അമേരിക്കന്‍ നേതാക്കള്‍ വ്യക്തമാക്കി. ആക്രമണത്തിന് തൊട്ടുമുമ്പ് സിറിയയുടെയും റഷ്യയുടെയും രാസായുധം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ശഈറാത്ത് എയര്‍ബേസില്‍ ഉണ്ടായിരുന്നതായും അമേരിക്കക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ട് സൂചിപ്പിച്ചു.
രാസായുധാക്രമണം കെട്ടിച്ചമച്ച് സിറിയക്ക് മേല്‍ മിസൈല്‍ ആക്രമണം നടത്താനാണ് അമേരിക്ക ആസൂത്രണം ചെയ്യുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ നേതാക്കളുടെ പ്രതികരണം വന്നിട്ടുള്ളത്. 2003ല്‍ ഇറാഖില്‍ സംഭവിച്ച കാര്യങ്ങളെ ഓര്‍മിപ്പിക്കും വിധമാണ് അമേരിക്കന്‍ നടപടിയെന്നും പുടിന്‍ പറഞ്ഞു.
രാസായുധ ആക്രമണത്തിന് അധികാരത്തില്‍ തുടരുന്നതിന് അസദിനെ ഒരുനിലക്കും അനുവദിക്കാനാവില്ല എന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. അസദിനെ അധികാരത്തില്‍ നിലനിര്‍ത്തി കൊണ്ട് സിറിയയില്‍ സമാധാനമോ സുസ്ഥിരതയോ ഉണ്ടാക്കാനാവില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ പറഞ്ഞു. ഹിറ്റ്‌ലറിനേക്കാള്‍ മോശമാണ് അസദ് എന്നും ഹിറ്റ്‌ലര്‍ സ്വന്തം ജനതക്കെതിരെ രാസായുധം ഉപയോഗിച്ചിട്ടില്ലെന്നും സ്‌പൈസര്‍ കൂട്ടിചേര്‍ത്തു. അസദ് കുടുംബത്തിന്റെ ഭരണം അതിന്റെ അവസാനത്തിലെത്തിയിരിക്കുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും പറഞ്ഞു.

Related Articles