Current Date

Search
Close this search box.
Search
Close this search box.

അവസരം നല്‍കിയാല്‍ നിപ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ തയാര്‍: ഡോ. കഫീല്‍ ഖാന്‍

കോഴിക്കോട്: തനിക്ക് അവസരം നല്‍കിയാല്‍ കേരളത്തിലെ നിപ വൈറസ് ബാധിതരെ ചികിത്സിക്കാന്‍ തയാറാണെന്നറിയിച്ച് ഉത്തര്‍പ്രദേശ്് ഗൊരക്പൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചത്. ഇതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവാദം നല്‍കണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെട്ടു.

”സുബ്ഹ് നമസ്‌കാരത്തിനു ശേഷം ഞാന്‍ ഉറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ ഉറക്കം വരുന്നില്ല. നിപ വൈറസ് മൂലം മരിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളും എന്നെ അലട്ടിക്കൊണ്ടിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ വൈറസ് ബാധിതരായ നിഷ്‌കളങ്കരെ പരിചരിക്കാന്‍ എന്നെ അനുവദിക്കണമെന്ന് ഞാന്‍ കേരള മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. സിസ്റ്റര്‍ ലിനി ഒരു പ്രചോദനമാണ്. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റിവെക്കാന്‍ ഞാന്‍ സന്നദ്ധമാണ്. അതിനായി അല്ലാഹു എനിക്ക് കരുത്തും അറിവും കഴിവും നല്‍കട്ടെ ”കഫീല്‍ ഖാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെയാണ് അദ്ദേഹം എഫ്.ബിയില്‍ പോസ്റ്റിട്ടത്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് വൈറലാവുകയും നിരവധി പേര്‍ പിന്തുണയുമായി രംഗത്തു വരികയും ചെയ്തു. തുടര്‍ന്ന് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കഫീല്‍ ഖാന് അവസരം നല്‍കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ഇതിനായി ആരോഗ്യവകുപ്പ് ഡയറക്ടറുമായി ബന്ധപ്പെടാമെന്നുമറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയും ഇക്കാര്യമറിയിച്ചത്.

ഖൊരക്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ ശിശുക്കള്‍ മരിച്ചു വീഴുമ്പോള്‍ സ്വന്തം നിലക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചതിന് യു.പി സര്‍ക്കാര്‍ കഫീല്‍ ഖാനെതിരെ കേസെടുത്ത് ജയിലിലടച്ചിരുന്നു.

Related Articles