Current Date

Search
Close this search box.
Search
Close this search box.

അഴിമതിക്കെതിരേ ശക്തമായി തന്നെ പോരാടുമെന്ന് സല്‍മാന്‍ രാജാവ്

റിയാദ്: അഴിമതിക്കെതിരേ ശക്തമായി പോരാടാന്‍ പ്രതിജ്ഞാബന്ധമാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. അഴിമതി സമൂഹത്തെ ഇല്ലാതാക്കുകയും അതിന്റെ വികസനത്തെയും വളര്‍ച്ചയെയും തടയുന്നുവെന്നും അഴിമതിയെ നേരിടാനും പ്രതിരോധിക്കാനും രാജ്യം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ജിദ്ദയില്‍ നടന്ന ഷൂറ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രശ്‌നത്തെ ശക്തമായും ഉറച്ച തീരുമാനത്തോടെയുമാണ് സൗദി കൈകാര്യം ചെയ്യുക. ഇതുവഴി നമ്മുടെ രാജ്യം നവോത്ഥാനത്തിലേക്കും വികസനത്തിലേക്കും കുതിക്കുമെന്നും രാജ്യത്തെ എല്ലാ പൗരന്മാരും ഇതാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു വേണ്ടിയാണ് ഒരു സുപ്രീം കമ്മിറ്റി രൂപീകരിക്കാന്‍ താന്‍ ഉത്തരവിട്ടത്. കമ്മിറ്റി കഴിഞ്ഞ മാസം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍,കൈക്കൂലി,അഴിമതി,പണം അനധികൃതമായി സമ്പാദിക്കല്‍ തുടങ്ങിയ കേസുകളില്‍ അഞ്ഞൂറോളം ആളുകളെയാണ് കഴിഞ്ഞ മാസം അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. പൊതു ഓഫിസുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയവരും ഇതില്‍പ്പെടും.

താരതമ്യേന കുറഞ്ഞ ആളുകളാണ് അഴിമതി മൂലം പിടിക്കപ്പെട്ടത് എന്നത് ആശാവഹമാണ്. യാതൊരു മുന്‍ധാരണയും വെച്ചുപുലര്‍ത്താതെയാണ് ഉദ്യോഗസ്ഥര്‍ അഴിമതിക്കെതിരേയുള്ള നടപടിയെടുത്തത്. ഇതിനായി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും സല്‍മാന്‍ രാജാവ് കൂട്ടിച്ചേര്‍ത്തു.

 

Related Articles