Current Date

Search
Close this search box.
Search
Close this search box.

അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ഹരിയാന കാമ്പസ് ഉദ്ഘാടനം ചെയ്തു

മേവാത്ത്: ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയയുടെ വിദൂര വിദ്യാഭ്യാസ കാമ്പസുകളിലെ പ്രഥമ സംരംഭമായ അല്‍ജാമിഅ ഹരിയാന കാമ്പസ് മേവാത്തില്‍ ദയൂബന്ദ് ദാറുല്‍ ഉലൂം റെക്ടര്‍ മൗലാന സുഫ്‌യാനുല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ സ്ഥാനം കരസ്ഥമാക്കിയ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ഉത്തരേന്ത്യയില്‍ ഒരു കാമ്പസ് ആരംഭിക്കാന്‍ തീരുമാനിച്ചത് വലിയ ചുവടുവെപ്പാണെന്നും ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ അത് വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദയൂബന്ദ് പോലുള്ള സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്കാവുന്ന പങ്കാളിത്തം നിര്‍വഹിക്കുക മാത്രമാണ് കാമ്പസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ തങ്ങള്‍ക്കാവുന്നത് ചെയ്തുകൊടുക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ച അല്‍ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. മേവാത് കാമ്പസില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും മറ്റു പിന്നാക്ക സംസ്ഥാനങ്ങളില്‍കൂടി അല്‍ജാമിഅ കാമ്പസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരേന്ത്യയിലുടനീളം വിഷന്‍ 2026ന്റൈ കീഴില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് അല്‍ജാമിഅ കാമ്പസെന്നും ഇത്തരം സംരംഭങ്ങള്‍ക്ക് എല്ലാവരുടെയും പിന്തുണ അനിവാര്യമാണെന്നും സമാപന പ്രഭാഷണത്തില്‍ ഹ്യൂമന്‍ വെല്‍ഫയര്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രറ്റ് നരേന്ദ്ര സിങ്, നസീം അഹ്മദ് എം.എല്‍.എ, അല്‍ജാമിഅ ഡെപ്യൂട്ടി റെക്ടര്‍ ഇല്‍യാസ് മൗലവി, ഇ. ആര്‍. മാമ്മന്‍, മദാം മുഹമ്മദലി, സിദ്ദീക് അഹ്മദ്, ഹഷ്മത്ത് ഖാന്‍, ഭീം സിങ്, മവാസി റാം, മുഹമ്മദ് ഫാറൂഖ്, ലുഖ്മാന്‍ ഖാന്‍, അബ്ദുല്‍ വഹീദ് ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ ‘മേവാത് ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. അല്‍ജാമിഅ ഓഫ് കാമ്പസ് ചെയര്‍മാന്‍ കെ.കെ മമ്മുണ്ണി മൗലവി, ശറഫുദ്ദീന്‍ മേവാതി, മുഹമ്മദ് ഇല്‍യാസ്, മുഹമ്മദ് അസ്‌ലം, ഹാജി ശംസാദ്, ഇ.ആര്‍. ഖലീഖുസ്സമാന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. കാമ്പസ് ഡയറക്ടര്‍ ശിബ്‌ലി അര്‍സലാന്‍ സ്വാഗതം പറഞ്ഞു.

Related Articles